25 November Monday

റേഷൻ കാർഡ്‌ നമ്പർ 2262029123 ; വൈഷ്ണ മാത്രം ബാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

സഹോദരൻ പാർഥന്റെ റേഷൻകാർഡുമായി പ്രഭാത്‌

മേപ്പാടി
‘കരുണസരോജം വീട്ടിൽ നന്ദ, വയസ്സ്‌ 66, റേഷൻ കാർഡ്‌ നമ്പർ 2262029123’ ബുധനാഴ്‌ച വിതരണംചെയ്‌ത റേഷൻകാർഡിലും കാർഡുടമ നന്ദയാണ്‌. നന്ദയെയും ഭർത്താവ്‌ പാർഥനെയും ഉരുൾകൊണ്ടുപോയതോടെ കാർഡിലെ പേരുകളിൽ മകൾ വൈഷ്‌ണ മാത്രമാണ്‌ ബാക്കി.

ഉള്ളുപൊട്ടുന്ന വേദനയോടെ രേഖകൾ വാങ്ങാനെത്തിയത്‌ പാർഥന്റെ സഹോദരൻ പ്രഭാതായിരുന്നു. ‘പുഞ്ചിരിമട്ടം പൊട്ടി ഒഴുകിയപ്പോൾ ജ്യേഷ്‌ഠനും ഭാര്യയും ഒരുമിച്ചുപോയി. വീടും സ്ഥലവും ഉണ്ടായിരുന്നിടത്ത്‌ ഒന്നും ഇനിയില്ല. അവരുടെ രേഖയായി ഈ കാർഡുമാത്രമാണ്‌ ബാക്കി’–- റേഷൻ കാർഡ്‌ നെഞ്ചോടുചേർത്ത്‌ പ്രഭാത്‌ പറഞ്ഞു.  പാർഥന്റെ മൃതദേഹം രണ്ടാം ദിവസം നിലമ്പൂരിൽനിന്നാണ്‌ കിട്ടിയത്‌. നന്ദയുടെ ശരീരം മുണ്ടക്കൈ മുസ്ലിം പള്ളിക്കരികിൽനിന്ന്‌ കിട്ടിയപ്പോൾ മുന്നുദിവസം പിന്നിട്ടിരുന്നു. രണ്ടുപെൺമക്കളാണ്‌ പാർഥൻ–-നന്ദ ദമ്പതികൾക്ക്‌. മൂത്തമകൾ  ഹർഷ കൊച്ചിയിലും രണ്ടാമത്തെ മകൾ വൈഷ്‌ണ കാനഡയിലുമാണ്‌. മരണ വാർത്തയറിഞ്ഞെത്തിയ വൈഷ്‌ണ കൊച്ചിയിൽ ഹർഷയുടെ വീട്ടിലാണുള്ളത്‌. തലശേരി എരഞ്ഞോളിയിലെ തറവാടിനോടുചേർന്ന കണ്ടിക്കൽ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം.

റേഷൻ കാർഡ്‌ നഷ്‌ടമായവർക്ക്‌ കാർഡ്‌ നൽകുന്നതിന്റെ തുടക്കമായി മേപ്പാടി സെന്റ്‌ ജോസഫ്‌ ഗേൾസ്‌ എച്ച്‌എസ്എസിൽ എട്ട്‌ കുടുംബങ്ങൾക്കുള്ള കാർഡുകളാണ്‌ കൈമാറിയത്‌. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, ഒ ആർ കേളു, കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവരെത്തിയായിരുന്നു വിതരണം. റേഷൻ കാർഡ്‌ നഷ്‌ടമായ മുഴുവൻ കുടുംബങ്ങൾക്കും കാർഡ്‌ ഉറപ്പാക്കുമെന്ന്‌ മന്ത്രിമാർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top