21 November Thursday
താൽക്കാലിക പുനരധിവാസത്തിന്‌ 91 സർക്കാർ 
 ക്വാർട്ടേഴ്സുകൾ ലഭ്യമാക്കും

ജനകീയ തിരച്ചിൽ ഇന്ന്‌ ; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ ഭദ്രമായ താമസസ്ഥലത്തേക്ക്‌ മാറ്റും

സ്വന്തം ലേഖകൻUpdated: Friday Aug 9, 2024



തിരുവനന്തപുരം
വയനാട്ടിൽ ദുരിതാശ്വാസ  ക്യാമ്പുകളിലുള്ളവരെ ഭദ്രമായ താമസസ്ഥലത്തേക്ക്‌ മാറ്റുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവരുടെ താൽക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനു കീഴിലെ 27 ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സ്‌ ലഭ്യമാക്കും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും വെള്ളിയാഴ്‌ച ജനകീയ തിരച്ചിൽ നടത്തും.  ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാകും തിരച്ചിൽ.  ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ്‌ ഇവരെ ദുരന്തഭൂമിയിലെത്തിക്കുക–- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളാക്കിയാണ്‌ തിരച്ചിൽ. ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണിത്. 

ദുരന്തബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.  ശനിയാഴ്‌ച വയനാട്‌ സന്ദർശിക്കുന്ന പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന്‌ കരുതുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്തെഴുതിയിരുന്നു.

വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന്‌ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തതീവ്രത പരിശോധിച്ച്‌ റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തര ജോയിന്റ്‌ സെക്രട്ടറി രാജീവ് കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു. സമഗ്ര  പുനരധിവാസ പാക്കേജാണ് കേരളത്തിന്റെ ആവശ്യം–- മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത്‌ രാവിലെ ആറുമുതൽ പകൽ 11വരെയായിരിക്കും തിരിച്ചിലെന്ന്‌ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ അറിയിച്ചു. 190 പേർ ഇതിനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top