24 November Sunday

‘ഇതുപോലൊരു നാട്‌ 
 മറ്റൊരിടത്തുമുണ്ടാവില്ല’ ; മനം നിറഞ്ഞ്‌ അതിഥിത്തൊഴിലാളികൾ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

മേപ്പാടി
തേയിലക്കാടുകൾക്ക്‌ നടുവിലെ വിദ്യാലയമുറ്റത്ത്‌ കൂടിയവരുടെ ഉള്ളിൽ സങ്കടവും സ്‌നേഹവും കടപ്പാടുമടക്കമുള്ള പലവിധ വികാരങ്ങളായിരുന്നു. വിടപറയവേ ദുരന്ത ഓർമകളെല്ലാം ഇത്തിരി നേരത്തേക്ക്‌  മാഞ്ഞു. പലർക്കും നാട്ടിലേക്ക്‌ പോകണമെന്നുണ്ടായില്ല. യാത്രയയപ്പ്‌ വേളയിൽ ക്യാമ്പിലെ സന്നദ്ധ പ്രവർത്തകരെ പുണരവേ കേരളത്തിന്റെ സ്‌നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ലെന്ന്‌ പലവട്ടം പറഞ്ഞു. 

വയനാട് നൽകിയ സമ്മാനങ്ങൾ നിറഞ്ഞ ഭാണ്ഡക്കെട്ടുകൾ തലച്ചുമടേറ്റുമ്പോൾ കണ്ണീരണിഞ്ഞു. കുഞ്ഞുങ്ങളുടെ കൈകളിൽ ചോക്ലേറ്റും ബിസ്‌കറ്റും കളിപ്പാട്ടങ്ങളുമുണ്ടായിരുന്നു. കൈവീശി ബസ്‌ കയറവേ  നാടൊന്നടങ്കം ശുഭയാത്ര നേർന്നു. ഒരുമാസത്തിനകം തിരികെ വരുമെന്ന്‌ പറഞ്ഞായിരുന്നു മടക്കം. ചൂരൽമലയോട്‌ ചേർന്ന അട്ടമലയിലെ എസ്‌റ്റേറ്റ്‌ തൊഴിലാളികളായ മധ്യപ്രദേശ്‌, രാജസ്ഥാൻ, അസം, ജാർഖണ്ഡ്‌ സ്വദേശികളായിരുന്നു അവർ. റിപ്പണിലെ ഗവ. ഹൈസ്‌കൂളിലെ ക്യാമ്പിൽനിന്നാണ്‌ സ്വദേശത്തേക്ക്‌ വണ്ടികയറിയത്‌. ഉരുൾപൊട്ടിയ ജൂലൈ 30ന്‌ ക്യാമ്പിലെത്തിയതാണ്‌.  കടുകെണ്ണയിൽ ചുട്ട ചപ്പാത്തിയും ദാൽ കറിയും പൊന്നിയരി ചോറും വിളമ്പി ദുരന്തകാലത്തും അവരുടെ ഇഷ്ടങ്ങൾക്കൊപ്പം കേരളം നിന്നു. 

മുണ്ടക്കൈയിൽനിന്നാണ്‌ ചൂരൽമലപ്പുഴ കടത്തി 144 പേരെ  ക്യാമ്പിലെത്തിച്ചത്‌. ഹാരിസൺ മലയാളം എസ്‌റ്റേറ്റിലെ തൊഴിലാളികളായ 88 പേരാണ്‌ വ്യാഴാഴ്‌ച മടങ്ങിയത്‌. പണി പുനരാരംഭിക്കാൻ സമയമെടുക്കുന്നതിനാലാണ്‌ നാട്ടിലേക്ക്‌ പോയത്‌.  തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലാണ്‌ യാത്രയ്‌ക്ക്‌ വഴിയൊരുക്കിയത്‌. കെഎസ്‌ആർടിസിയിൽ കോഴിക്കോട്ടെത്തിച്ചു. അവിടെനിന്ന്‌ ട്രെയിനിലാണ്‌ യാത്ര. എസ്‌റ്റേറ്റ്‌ അധികൃതർ ട്രെയിൻ ടിക്കറ്റ്‌ നൽകി.  പോക്കറ്റ്‌മണിയും യാത്രയിലെ ഭക്ഷണവും നൽകിയാണ്‌ വണ്ടികയറ്റിയത്‌.  ഇതുപോലൊരു നാടുണ്ടാകില്ലെന്ന്‌ ബസിലിരുന്ന്‌ വിക്രം ബിൽ ഉള്ളം പൊട്ടി പറയുന്നുണ്ടായിരുന്നു. ക്യാമ്പിലുള്ള 20 തൊഴിലാളികളെ ഹാരിസൺ തൊവരിമല എസ്‌റ്റേറ്റിലേക്കും മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top