10 September Tuesday
കാണാതായവരുടെ ബന്ധുക്കൾക്കൊപ്പം ചേർന്ന്‌ 
 മന്ത്രിമാരും ജനപ്രതിനിധികളും

ഉറ്റവരെത്തേടി... ജനകീയ തിരച്ചിലിൽ പങ്കെടുത്ത്‌ ആയിരങ്ങൾ

സ്വന്തം ലേഖകൻUpdated: Monday Aug 12, 2024

മുണ്ടക്കൈ താഴ്‌വാരത്ത്‌ ഉരുളൊഴുകിയ വഴികളിൽ തിരച്ചിൽ നടത്തുന്ന 
ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ഫോട്ടോ: വി കെ അഭിജിത്


ചൂരൽമല
ജനകീയ തിരച്ചിലിന്റെ രണ്ടാം നാളിൽ മുണ്ടക്കൈയിലും ചൂരൽമലയിലും എത്തിയവരുടെ കണ്ണുകൾ ബന്ധുക്കളെ തേടിയലഞ്ഞു. കൈയിൽനിന്ന്‌ വഴുതിപ്പോയവർ, ഒരേ വീട്ടിൽ അന്തിയുറങ്ങി ഒറ്റ രാത്രികൊണ്ട്‌ കാണാതായവർ. ഇനിയും എവിടെയാണെന്ന്‌ തിരിച്ചറിയാത്ത ഉറ്റവരെത്തേടി ബന്ധുക്കൾ സ്വന്തം മണ്ണിലേക്ക്‌ ഒരുവട്ടം കൂടിയെത്തി. കണ്ണുകളിൽ പ്രതീക്ഷയുടെ ഓളമുണ്ടായിരുന്നില്ലെങ്കിലും അവർ അവിടെയെല്ലാം നടന്നു.

ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള ജനകീയ തിരച്ചിലിൽ നാട്ടുകാരും കുടുംബാംഗങ്ങളും വിവിധ സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർ അണിനിരന്നു. ഉരുൾപൊട്ടലിൽനിന്ന്‌ രക്ഷപ്പെട്ടശേഷം പലരും ആദ്യമായാണ്‌ ദുരന്തഭൂമിയിൽ തിരിച്ചെത്തിയത്‌. സംശയമുള്ള ഇടങ്ങളിലെല്ലാം മണ്ണുമാന്തികൾ ഉപയോഗിച്ച്‌ തിരഞ്ഞു. പൊലീസിന്റെ കഡാവർ നായകളെയും ഉപയോഗപ്പെടുത്തി.

ഉരുൾ നാശംവിതച്ച പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല അങ്ങാടി, ഹൈസ്‌കൂൾ റോഡ്‌, വില്ലേജ്‌ റോഡ്‌, സൂചിപ്പാറ പരിസരം എന്നിങ്ങനെ ആറു മേഖലകളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. വി ശിവദാസൻ എംപി, ടി സിദ്ദിഖ്‌ എംഎൽഎ, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി തുടങ്ങിയവരും പങ്കെടുത്തു. ദേവികുളം എംഎൽഎ എ രാജ, മാവേലിക്കര എംഎൽഎ എം എസ്‌ അരുൺകുമാർ എന്നിവർ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡിനൊപ്പം തിരച്ചിലിന്റെ ഭാഗമായി. യുവജനക്ഷേമ ബോർഡ്‌ ‘ടീം കേരള’ വളന്റിയർമാർ മാലിന്യം നീക്കുന്ന ക്യാമ്പയിനും ഏറ്റെടുത്തു. പൊലീസ്‌, അഗ്നിരക്ഷാസേന, എൻഡിആർഎഫ്‌, റവന്യു ജീവനക്കാർ എന്നിവരടങ്ങുന്ന സംഘവും തിരച്ചിലിന്റെ ഭാഗമായി. ഉച്ചയ്‌ക്കുശേഷം മഴ ശക്തമായതിനാൽ തിരച്ചിൽ തുടരാനായില്ല.

നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 1770 പേരുണ്ട്. ഉരുൾപൊട്ടലിന്റെ ഭാഗമായി 14 ക്യാമ്പുകളും കടച്ചിക്കുന്ന് തേൻ സംഭരണ കേന്ദ്രത്തിൽ ആരംഭിച്ച ഒരു ക്യാമ്പുമാണുള്ളത്‌.

ചാലിയാറിൽ ഇന്നും 
നാളെയും വിശദതിരച്ചിൽ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കണാതായവർക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചാലിയാറിന്റെ തീരങ്ങളിൽ വിശദമായ തിരച്ചിൽ നടത്തുമെന്ന്‌ മന്ത്രിസഭാ ഉപസമിതി. അഞ്ച്‌ മേഖലകളായി തിരിച്ച്‌ വിവിധ സേനകളുടെ നേതൃത്വത്തിലാകും തിരച്ചിലെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 പരപ്പൻപാറ–-മുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം–- -പൂക്കോട്ടുമന, പൂക്കോട്ടുമന–-ചാലിയാർമുക്ക്‌, ഇരുട്ടുകുത്തി–-കുമ്പളപ്പാറ മേഖലകളിലാണ്‌ പരിശോധന.

അഗ്നിരക്ഷാസേന, പൊലീസ്‌, ദേശീയ ദുരന്തനിവാരണ സേന, വനപാലകർ, വളന്റിയർമാർ എന്നിവരുൾപ്പെടുന്ന 200 പേർ തിരയും. തുടർച്ചയായി ചാലിയാറിൽ തിരച്ചിൽ നടത്തിയതാണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ്‌. രാവിലെ ഏഴിന്‌ തിരച്ചിൽ ആരംഭിക്കും. ദുർഘട മേഖലകളിൽ സേന മാത്രമായിരിക്കും. ഓരോ മേഖലകളിലും തിരച്ചിലിനുണ്ടാകേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്‌.

താൽക്കാലിക പുനരധിവാസത്തിന്‌ 253 വാടകവീട്‌ കണ്ടെത്തി. നൂറോളം വീടുകളുടെ വാഗ്‌ദാനം ലഭിച്ചു. താൽക്കാലിക പുനരധിവാസം വേഗത്തിൽ നടപ്പാക്കി സ്‌കൂളുകളിൽ ക്ലാസ്‌ ആരംഭിക്കാനുള്ള ശ്രമമാണ്‌. ഞായറാഴ്‌ച നടത്തിയ ജനകീയ തിരച്ചിലിൽ രണ്ടായിരംപേർ പങ്കെടുത്തു. മൂന്ന്‌ ശരീരഭാഗങ്ങളും ഒരു എല്ലും ലഭിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 229 ആയി. 178 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 51 മൃതദേഹം സംസ്‌കരിച്ചു. 201 ശരീരഭാഗങ്ങളും ലഭിച്ചതായും മന്ത്രി പറഞ്ഞു. കലക്ടർ ഡി ആർ മേഘശ്രീയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഒറ്റയ്‌ക്കായവർ 
ഒറ്റയാകില്ല
ദുരന്തത്തിൽ ബന്ധുക്കളാരുമില്ലാതെ ഒറ്റയ്‌ക്കായി പോയവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുമ്പോൾ ഒരു സർക്കാർ ജീവനക്കാരനെ രക്ഷാകർത്താവായി നിയോഗിക്കും. ഒറ്റയ്‌ക്ക്‌ താമസിപ്പിക്കില്ല. ജീവനക്കാരന്റെ സംരക്ഷണം എപ്പോഴുമുണ്ടാകും. ഇവരുടെ കണക്കെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാണാതായവരുടെ 
പട്ടികയിൽ ഇനി 130 പേർ
ഉരുൾദുരന്തത്തിൽ കാണാതായവരുടെ അന്തിമപട്ടികയിൽ അവശേഷിക്കുന്നത്‌ 130 പേർ. അസി. കലക്ടർ എസ് ഗൗതം രാജിന്റെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കിയത്‌. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ റേഷൻ കാർഡ് വിവരങ്ങളാണ്‌ ആദ്യം ശേഖരിച്ചത്‌. വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്‌, മുണ്ടക്കൈ ജിഎൽപിഎസ്‌ എന്നിവിടങ്ങളിൽ നിന്നും ഐസിഡിഎസിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. ലേബർ ഓഫീസിൽനിന്ന് അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ രേഖ പരിശോധിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കോൾ സെന്ററിലെ വിവരങ്ങളും ഇതോടൊപ്പം ചേർത്തു. മുപ്പതോളം പേർ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിയവർ, മരണമടഞ്ഞവർ എന്നിവരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, ഐടി മിഷൻ എന്നിവയാണ്‌ രേഖപ്പെടുത്തലിന്‌ നേതൃത്വം നൽകിയത്‌. 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. മൃതദേഹം തിരിച്ചറിഞ്ഞത്‌ കൂടി ഒഴിവാക്കിയതോടെ നിലവിൽ 130 പേരാണ് ശേഷിക്കുന്നത്‌. പൊതുജനങ്ങൾക്ക് പട്ടിക പരിശോധിച്ച് വിവരങ്ങൾ അറിയിക്കാം.  https://wayanad.gov.in/ ഔദ്യോഗിക വെബ്‌സൈറ്റിലും കലക്ടറുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പൊതുഇടങ്ങളിലും മാധ്യമങ്ങളിലൂടെയും കരട് പട്ടിക ലഭ്യമാണ്‌. 8078409770 നമ്പറിൽ വിവരങ്ങൾ അറിയിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top