19 September Thursday

ദുരിതബാധിതർക്ക് 
സാന്ത്വനമേകാൻ അജിഷ ; വയനാട്ടിലുള്ള ഭൂമി വിട്ടുനൽകും

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


കൊല്ലം
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വന്തം ഭൂമി വിട്ടുനൽകാൻ സന്നദ്ധതയുമായി വയനാട് സ്വദേശി അജിഷാ ഹരിദാസ്. ഞായറാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെ കണ്ടാണ് അജിഷ ഇക്കാര്യം അറിയിച്ചത്.

ഭർത്താവ് ഹരിദാസിനും മകൻ അഞ്ചരവയസ്സുളള ഹരേശ്വറിനും ഒപ്പമാണ്‌ അജിഷ എത്തിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക്‌ വസ്തുവിന്റെ രേഖകൾ കൈമാറും. നേരത്തെ സ്വകാര്യചാനലിലെ പരിപാടിക്കിടെയും ഇക്കാര്യം ഫോണിലൂടെയും ധനമന്ത്രിയെ അറിയിച്ചിരുന്നു. കർഷകകുടുംബത്തിൽ ജനിച്ച വയനാട് കോട്ടത്തറ സ്വദേശി അജിഷ തൃശൂർ പാറമേക്കാവ് കെഎസ്എഫ്ഇ ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റാണ്‌. നിലവിൽ തൃശൂരിൽ വീട്‌വച്ച്‌ താമസിക്കുകയാണ്‌.

2009ൽ അച്ഛൻ ജയചന്ദ്രനും അമ്മ ഉഷാകുമാരിക്കും വീടുവയ്ക്കുന്നതിനായി വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതർക്ക് വീട് നിർമിക്കുന്നതിനു സർക്കാരിലേക്ക് കൈമാറുന്നത്. സഹോദരനോടൊപ്പമാണ് അജിഷയുടെ അച്ഛനമ്മമാർ കഴിയുന്നത്. തകർക്കാൻ ശ്രമിച്ചപ്പോഴെല്ലാം കേരളം തളരാതെ മുന്നേറുന്നത് അജിഷയെ പോലുള്ളവരുടെ കരുത്തിലാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എത്രയൊക്കെ കുപ്രചാരണം ഉണ്ടായാലും സത്യം തിരിച്ചറിഞ്ഞ്‌ കൂടെനിൽക്കുന്നവരാണ് എന്നും മലയാളികൾ. നാടിന് ആപത്ത് വന്നപ്പോൾ നാനാദിക്കിൽനിന്ന് സിഎംഡിആർഎഫിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ അതിന്റെ നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top