22 December Sunday

ഉരുളൊഴുകിയ വഴികളിലൂടെ ; ചാലിയാറിൽ നടന്ന തിരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


എടക്കര
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായി തിങ്കളാഴ്‌ച ചാലിയാറിൽ നടന്നത്‌ ഊർജിത തിരച്ചിൽ. പൊലീസ്, വനംവകുപ്പ്, എൻഡിആർഎഫ്, എസ്ഒജി, അഗ്നിരക്ഷാസേന, തണ്ടർബോൾട്ട് എന്നിവരാണ് തിങ്കൾ രാവിലെമുതൽ വൈകിട്ടുവരെ സംയുക്ത പരിശോധന നടത്തിയത്. പരപ്പൻപാറ–- മുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം–- പൂക്കോട്ടുമന, പൂക്കോട്ടുമന–- ചാലിയാർമുക്ക്‌, ഇരുട്ടുകുത്തി–- കുമ്പളപ്പാറ എന്നിങ്ങനെ അഞ്ച്‌ മേഖലകളായാണ്‌ തിരച്ചിൽ നടന്നത്‌. തിരച്ചിലിൽ ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെടുത്തു. പുഴയുടെ തീരങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ഇരുട്ടുകുത്തിയിൽനിന്ന് രാവിലെ ഏഴിന് ചാലിയാർ പുഴ കടന്ന 40 അംഗ സംഘം വനത്തിലൂടെ കുമ്പളപ്പാറവരെ ട്രാക്ടറിൽ സഞ്ചരിച്ചു. ചാലിയാർ പുഴയിലൂടെ നടന്നാണ് പരപ്പൻപാറക്കുസമീപംവരെ തിരച്ചിൽ നടത്തിയത്. ഇരുട്ടുകുത്തി, ഏറമ്പാടം ഭാഗത്തുനിന്നാണ്‌ മൃതദേഹവും ശരീരഭാഗവും കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ ചാലിയാറിൽ രണ്ട് ദിവസത്തെ ഊർജിത തിരച്ചിലിന്‌ പ്രത്യേക യോഗം തീരുമാനിച്ചത്. തിങ്കളാഴ്‌ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ്‌ തിരച്ചിൽ നടത്തിയതെങ്കിൽ ചൊവ്വാഴ്ച സന്നദ്ധ സംഘടനകളാണ്‌ നേതൃത്വം നൽകുക.  200 വളന്റിയർമാർ പങ്കെടുക്കും. തിരച്ചലിലാകെ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളും ലഭിച്ചു. മൃതദേഹങ്ങളിൽ 178 എണ്ണം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 53 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സംസ്‌കരിച്ചു.

ചാലിയാർ പുഴയിലെ തിരച്ചിലില്‍ മാത്രം ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീരഭാഗങ്ങളും ലഭിച്ചു. ആകെ 245. 41 പുരുഷന്മാര്‍, 32 സ്ത്രീകള്‍, മൂന്ന് ആണ്‍കുട്ടികള്‍, നാല്‌ പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ് മൃതദേഹം ലഭിച്ചത്. മുഴുവന്‍ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു. തിരിച്ചറിഞ്ഞ മൂന്നെണ്ണം ബന്ധുക്കള്‍ക്ക് കൈമാറി. 235 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോകുകയും ഏഴ് ശരീരഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top