22 November Friday

വിദഗ്‌ധസംഘം വയനാട്ടിൽ ; ദുരന്തബാധിത മേഖലയെ പഠിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


കൽപ്പറ്റ
ഉരുൾപൊട്ടൽ മേഖലകളിലെ ഭൂമിയുടെ ഘടന പഠിക്കാൻ സർക്കാർ നിയോഗിച്ച ആറംഗ വിദഗ്‌ധ സംഘം വയനാട്ടിൽ എത്തി.  ചൊവ്വാഴ്‌ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിസഭാ ഉപസമിതി അംഗങ്ങളുമായി ചർച്ചനടത്തി.

കോഴിക്കോട്‌ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. ടി കെ ദൃശ്യ, സുറത്‌കൽ എൻഐടി അസോസിയേറ്റ്‌ പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, വയനാട്‌ മണ്ണുസംരക്ഷണ വിഭാഗം ഓഫീസർ താരാ മനോഹരൻ,  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉരുൾപൊട്ടൽ വിഭാഗം കൺവീനർ ജി എസ്‌ പ്രദീപ്‌ എന്നിവരാണ്‌ അംഗങ്ങൾ. ദുരന്തനിവാരണ അതോറിറ്റിയിലെ എമർജൻസി ഓപ്പറേഷൻസ്‌ സെന്ററിലെ എ ഷിനും അനുഗമിക്കും. ജി എസ്‌ പ്രദീപ്‌ ആണ്‌ സമിതി കൺവീനർ.

തിങ്കളാഴ്‌ച വൈകിട്ട്‌ എത്തിയ സംഘം ആദ്യയോഗം ചേർന്നു. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജൻ, ഒ ആർ കേളു, എഡിജിപി എം ആർ അജിത്‌കുമാർ, ഐജി കെ സേതുരാമൻ, ഡിഐജി  തോംസൺ ജോസ്, കലക്ടർ ഡി ആർ മേഘശ്രീ, സ്‌പെഷ്യൽ ഓഫീസർ സീറാം സാംബശിവറാവു, ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, സ്‌പെഷ്യൽ ഓപ്പറേഷൻസ്‌ ഗ്രൂപ്പ് എസ്‌പി തപോഷ് ഭസുമദാരി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ പി ബി ബൈജു, പൊലീസ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഓഫീസർ അരുൺ കെ പവിത്രൻ എന്നിവരും പങ്കെടുത്തു.

ചൊവ്വാഴ്‌ച രാവിലെ സംഘം ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യത വിലയിരുത്തും. ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണുണ്ടായതെന്നും വിലയിരുത്തും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും ശുപാർശചെയ്യും.

ഉരുൾപൊട്ടൽ ബാധിത മേഖലയിൽ ഉപജീവനം സാധ്യമാകുമോ, പുനരധിവസിപ്പിക്കാനുദ്ദേശിക്കുന്ന സ്ഥലം അനുയോജ്യമാണോ എന്നതും പരിശോധിക്കും. ഈ മാസം 22ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ റിപ്പോർട്ട്‌ നൽകും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top