22 December Sunday

തിരച്ചിൽ 22–ാംദിവസം ; മൃതദേഹം കണ്ടെത്താതെ 6 ദിനം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024




ചൂരൽമല
ദുരന്തബാധിത മേഖലകളിൽ തിങ്കളാഴ്‌ച നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. തിരച്ചിൽ 21 ദിവസം പിന്നിട്ടു. പുഞ്ചിരിമട്ടം മുതൽ സൂചിപ്പാറയുടെ താഴ്ന്ന പ്രദേശങ്ങൾവരെ ആറുമേഖലകളിലായിട്ടാണ്‌ ഇപ്പോഴത്തെ തിരച്ചിൽ. നിലമ്പൂർ മേഖലയിലും തിരച്ചിലുണ്ട്‌. ചൊവ്വാഴ്‌ചയും തുടരും.
കഴിഞ്ഞ 13ന്‌ ശേഷം മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. ഞായറാഴ്‌ച വിവിധ സേനാവിഭാഗങ്ങളിൽനിന്നായി 328 പേരും സന്നദ്ധപ്രവർത്തകരായ 17പേരും തിരച്ചിലിൽ പങ്കെടുത്തു. ഇതുവരെ 231 മൃതദേഹവും 212 ശരീരഭാഗവുമാണ് ലഭിച്ചത്‌.

345 വാടകവീടും 79 സർക്കാർ 
ക്വാർട്ടേഴ്‌സും കണ്ടെത്തി
ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസത്തിന്‌ 345 വാടകവീടും 79 സർക്കാർ ക്വാർട്ടേഴ്‌സും കണ്ടെത്തി. 84 കുടുംബങ്ങൾക്ക്‌ വീടുകൾ നിശ്ചയിച്ചുനൽകി. 12 തദ്ദേശ സ്ഥാപനങ്ങളിൽനിന്നുമാണ്‌ സ്വകാര്യ ഉടമസ്ഥതയിലുള്ള 345 ഇടങ്ങൾ കണ്ടെത്തിയത്‌. അറ്റകുറ്റപ്പണി ആവശ്യമില്ലാതെ 177 ഇടങ്ങൾ സജ്ജമാണ്‌. 247 ഇടങ്ങൾ വാസയോഗ്യമാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. കുടുംബങ്ങൾ സ്വന്തം നിലയിലും വാടകവീട്‌ കണ്ടെത്തുന്നുണ്ട്‌. 6000 രൂപയാണ്‌ വാടക ഇനത്തിൽ സർക്കാർ നൽകുക. സ്വയം വീട്‌ കണ്ടെത്തുന്നവർക്കും  ബന്ധുവീടുകളിലേക്ക്‌ മാറുന്നവർക്കും സർക്കാർ വാടക നൽകും.  

മുട്ടിൽ പഞ്ചായത്ത്‌ -106, വൈത്തിരി 77, മേപ്പാടി- 36, മൂപ്പൈനാട്‌ 30, അമ്പലവയൽ -26, പനമരം -11, മീനങ്ങാടി- 7, വെങ്ങപ്പള്ളി- 6, കണിയാമ്പറ്റ -5, പൊഴുതന പഞ്ചായത്ത്‌ -3, കൽപ്പറ്റ നഗരസഭ 29, ബത്തേരി നഗരസഭ -9 എന്നിങ്ങനെയാണ്‌ വീടുകൾ കണ്ടെത്തിയത്‌. മേപ്പാടിയിൽ കൂടുതൽ വാടകവീടുകൾ കണ്ടെത്തി നൽകണമെന്നാണ്‌ കുടുംബങ്ങളുടെ ആവശ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top