05 November Tuesday
ഉരുൾപൊട്ടൽ ; ഉപദേശകസമിതി 
പഠനം പൂർത്തിയാക്കി

വയനാട്‌ ദുരന്തം ; ദുരന്തമേഖലയിലെത്തി 
പിഡിഎൻഎ സംഘം , സമഗ്രവും ശാസ്ത്രീയവുമായ പഠനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മന്ത്രി എ കെ ശശീന്ദ്രനും പിഡിഎൻഎ സംഘവും ഉരുൾപൊട്ടിയ ചൂരൽമലയിൽ


കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരിതബാധിതരുടെ സ്ഥിരം പുനരധിവാസത്തിന്റെ സാമ്പത്തിക ചെലവുകൾ കണക്കാക്കുന്നതിനും പുനർനിർമാണത്തിനുള്ള നിർദേശങ്ങൾ നൽകുന്നതിനുമായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ (പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌) സംഘം വയനാട്ടിലെത്തി പ്രവർത്തനം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സംഘം കലക്ടറേറ്റിൽ യോഗം ചേർന്നു.  ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ജില്ലാധികൃതർ, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന്‌ വിവരങ്ങൾ ആരാഞ്ഞു.

നാശനഷ്ടം കണക്കാക്കുമ്പോൾ പഴയ മാനദണ്ഡങ്ങൾ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധിക്ക്  പ്രാധാന്യം കൊടുക്കണം.  എല്ലാവരെയും ഉൾക്കൊള്ളുന്ന പുനരധിവാസമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടൗൺഷിപ്പ് സംബന്ധിച്ച് നിർദേശങ്ങൾ വരണമെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. ഉരുൾപൊട്ടലിൽ  സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തുമെന്ന് ടീം ലീഡർ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ പ്രദീപ്കുമാർ പറഞ്ഞു. ഹ്രസ്വ,  ഇടക്കാല, ദീർഘകാല പദ്ധതികൾക്കുവേണ്ട റിപ്പോർട്ടാകും സമർപ്പിക്കുക.  മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ നിർണയിക്കും. പഠനത്തിന്റെ ഭാഗമായുള്ള ലിഡാർ സർവേയും തുടങ്ങി. 31വരെ സംഘം ജില്ലയിലുണ്ടാകും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസും സംഘത്തിന്‌ നേതൃത്വം നൽകാനുണ്ട്‌.  നിർദേശവും സാങ്കേതിക സഹായവും നൽകുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവുമുണ്ട്‌.

ഉരുൾപൊട്ടൽ ; ഉപദേശകസമിതി 
പഠനം പൂർത്തിയാക്കി
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സംബന്ധിച്ച ഉപദേശകസമിതി മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ പരിശോധന പൂർത്തിയാക്കി മടങ്ങി. സർക്കാർ നിയോഗിച്ച ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം സമർപ്പിച്ച റിപ്പോർട്ടിൻമേൽ കൂടുതൽ പരിശോധനകൾക്കായാണ്‌ ഉപദേശക സമിതി എത്തിയത്‌.

ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ടി മുരളീധരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം 23 മുതൽ 25വരെയാണ്‌ ദുരന്തമേഖലയിൽ പരിശോധന നടത്തിയത്‌. വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ സമഗ്രമാക്കുന്നതിനുവേണ്ട പഠനങ്ങളും വിവരശേഖരണവുമായിരുന്നു പ്രധാനം.

നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ആഗസ്‌ത്‌ 12 മുതൽ 15രെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചാണ്‌ ദുരന്തനിവാരണ അതോറിറ്റിക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌. അതിശക്ത മഴയാണ്‌ ഉരുൾപൊട്ടലിന്‌ കാരണമെന്നാണ്‌ കണ്ടെത്തൽ.  ഈ സംഘം  ഒരുതവണകൂടി ജില്ലയിലെത്തി ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽ പരിശോധന നടത്തും. ഈ റിപ്പോർട്ടുകൂടി ലഭ്യമായാൽ  ഉപദേശക സമിതി പരിശോധിച്ച്‌ സർക്കാരിന്‌ വിശദ റിപ്പോർട്ട്‌ നൽകും. പുനരധിവാസത്തിന്‌ ഉതകുന്ന സ്ഥലങ്ങൾ, ദുരന്തമേഖലയിലെ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങൾ, ഉരുൾപൊട്ടലിന്റെ കാരണങ്ങൾ എന്നിവയെല്ലാം റിപ്പോർട്ടിലുണ്ടാകും.  

കേന്ദ്ര ഭൗമശാസ്‌ത്രകേന്ദ്രം ശാസ്‌ത്രജ്ഞൻ ജി ശങ്കർ, അമൃത സർവകലാശാല പ്രൊ വൈസ്‌ ചാൻസലർ വി മനീഷ്‌, കേരള സർവകലാശാല മുൻ പ്രൊഫസർ നന്ദകുമാർ, അസിസ്‌റ്റന്റ്‌ പ്രൊഫ. ഡോ. സജിൻകുമാർ എന്നിവർ അംഗങ്ങളും സംസ്ഥാന ദുരന്തനിവാവരണ അതോറിറ്റിയിലെ ജി എസ്‌ പ്രദീപ്‌  കൺവീനറുമായ ഉപദേശക സമിതിയാണ്‌ ജില്ലയിൽ പഠനം നടത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top