തിരുവനന്തപുരം
മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് ഒരേ മാതൃകയിൽ ഒറ്റനിലവീടുകൾ നിർമിച്ചുനൽകാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. ആയിരം ചതുരശ്രഅടിയിലുള്ള വീടുകളാകും നിർമിക്കുക. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം മികച്ച ഗുണനിലവാരവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ദുരന്തത്തിനിരയായ വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുംവിധമുള്ള പുനരധിവാസ പദ്ധതികൾക്ക് സർവകക്ഷിയോഗം ഒരേമനസ്സോടെ പിന്തുണ നൽകി .
ഒരേ രീതിയിലുള്ളതാകും വീടുകൾ. ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാനുള്ള ഉറപ്പോടുകൂടി അടിത്തറ പണിയും. വിലങ്ങാട്ടെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വീട് നഷ്ടപ്പെട്ടവർക്ക് മുൻഗണന. മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടം പരിഗണിക്കും. ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകും. വാടകക്കെട്ടിടങ്ങളിലെ കച്ചവടക്കാരെയും സംരക്ഷിക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഓൺലൈനായി നടന്ന യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കടങ്ങൾ എഴുതിത്തള്ളാൻ ഇടപെടുംവിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്‌പയെടുത്തവരുടെ കടം എഴുതിത്തള്ളാൻ റിസർവ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും സമീപിക്കും. വ്യക്തികൾ കടം ഈടാക്കുന്നത് തടയാൻ ജില്ലാ ഭരണസംവിധാനം ഇടപെടും.
കേന്ദ്ര സർക്കാരിനോട് സ്‌പെഷ്യൽ പാക്കേജാണ് ആവശ്യപ്പെടുന്നത്. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പരിഗണിക്കും. സ്പോൺസർഷിപ്പുമായി വരുന്നവരെ ഏകോപിപ്പിക്കാൻ ശ്രമിക്കും.
പ്രവേശനോത്സവം 2ന്
ദുരന്തബാധിത പ്രദേശത്തെ സ്‌കൂൾ പുനർനിർമിച്ച് നിലനിർത്താനാവുമോ എന്ന് പരിശോധിക്കും. ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കും. സെപ്തംബർ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവം നടത്തും.
കാലാവസ്ഥാ വ്യതിയാനം
ഉരുൾപൊട്ടൽ പോലെയുള്ള മുന്നറിയിപ്പുകൾ വേഗം ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ സഹായംതേടും. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാനപഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തും.
സമാന സഹായം
വിലങ്ങാടിനും
കോഴിക്കോട്ടെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വാടകയിനത്തിൽ 6000 രൂപയും പ്രാഥമിക ധനസഹായമായി 10,000 രൂപയും നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് പ്രതിദിനം 300 രൂപ വീതം ഒരുമാസത്തേക്കും നൽകും. മരിച്ചവരുടെ ആശ്രിതർക്ക് 6 ലക്ഷവും പരിക്കേറ്റവർക്ക് അധികസഹായവും കൊടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി കെ രാജൻ പറഞ്ഞു. വാണിമേലിലെ 9, 10,11 വാർഡും നരിപ്പറ്റയിലെ മൂന്നാം വാർഡും ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സർക്കാരിന് പൂർണ പിന്തുണയുമായി സർവകക്ഷി യോഗം
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം ഒരേ മനസോടെയും ലക്ഷ്യത്തോടെയും പിന്തുണ പ്രഖ്യാപിച്ചു. എല്ലാവരും ഒരേവികാരം പ്രകടിപ്പിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു എന്നിവരും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ടി സിദ്ദിഖ് എംഎൽഎ, പി എം എ സലാം (മുസ്‌ലിം ലീഗ്), കെ സുരേന്ദ്രൻ (ബിജെപി), ജോസ് കെ മാണി (കേരളകോൺഗ്രസ് എം), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), കെ വേണു (ആർഎംപി), പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ - സെക്കുലർ), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), ഡോ. വറുഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ), പി സി ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് -ബി), അഡ്വ. ഷാജി എസ് പണിക്കർ (ആർഎസ്‌പി എൽ) എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..