19 December Thursday
വാർഷിക ദുരിതാശ്വാസഫണ്ട്‌ നിലവിൽ വിനിയോഗിക്കാമെന്ന്‌ കേന്ദ്രം

വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; സഹായം പരിഗണനയിലെന്ന് ആവർത്തിച്ച്‌ കേന്ദ്രം

സ്വന്തം ലേഖികUpdated: Saturday Oct 19, 2024


കൊച്ചി
മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കുന്നത്‌ പരിഗണനയിലാണെന്ന നിലപാട്‌ കേന്ദ്രസർക്കാർ ഹൈക്കോടതിയിലും ആവർത്തിച്ചു. സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്‌ പരിഗണിക്കുമെന്നും കോടതിയിൽ പറഞ്ഞു. നിലവിൽ രണ്ടുവർഷ കാലയളവിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് 782.99 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഈ തുക ഉപയോഗിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും അമിക്കസ് ക്യൂറിയോടും  ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്‌റ്റിസ് വി എം ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

--മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് അധികസഹായം അനിവാര്യമാണെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. എസ്ഡിആർഎഫിലേക്ക് രണ്ടുവർഷകാലയളവിൽ കേന്ദ്രം നൽകിയ 782.99  കോടി രൂപ വാർഷിക ദുരിതാശ്വാസ സഹായമാണ്. അത്  സംസ്ഥാനത്താകെ ഉപയോഗിക്കാനുള്ളതാണ്‌. 
 ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ എസ്‌റ്റേറ്റ് ഉടമകൾ നഷ്ടപരിഹാരവിഷയം ഉന്നയിച്ച് എതിർപ്പ് ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയുടെ  ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ മാർക്കറ്റ്‌വില മാത്രമേ പരിഗണിക്കാവൂ എന്ന ഉത്തരവുണ്ടെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളുന്നതിൽ നിലപാട് അറിയിക്കാനും കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. ദുരന്തബാധിതർക്കായി പബ്ലിക് ലൈഫ് ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കുന്നതിൽ തടസ്സങ്ങളുണ്ടെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ വിശദീകരിച്ചു.

തെലങ്കാന, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്ക് ഉന്നതസമിതിയുടെ  പഠനത്തിനുമുമ്പുതന്നെ കേന്ദ്രസർക്കാർ സഹായം നൽകിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം ലഭിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

വയനാട്ടിലെ പുനരധിവാസം നടത്തേണ്ട മേഖലകളിൽ ‘സൊണേഷൻ’ നടത്തിവരികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓരോ സ്ഥലത്തും എന്താണ് അനുയോജ്യമായതെന്ന്‌  തീരുമാനിക്കാനുള്ളതാണ് ഈ പഠനം. 
 ഇത് സംസ്ഥാനത്ത്‌ എല്ലാ ഹിൽ സ്റ്റേഷനുകളിലും നടത്താനും ഓരോ പ്രദേശത്തും എന്തൊക്കെ ചെയ്യാം, നിർ‍മിക്കാം, നിർമിക്കാതിരിക്കാം തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്കുകൂടി ലഭ്യമാക്കാനും കോടതി നിർദേശിച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top