കൽപ്പറ്റ
‘നൈസമോളെ പ്രധാനമന്ത്രി താലോലിച്ചപ്പോൾ ദുരന്തം രാജ്യം കണ്ടല്ലോ എന്നായിരുന്നു ചിന്ത. വല്യുപ്പയോടെന്ന പോലെയാണ് അവൾ മോദിയോട് ഇണങ്ങിയത്. താടിയിൽപിടിച്ചു. കവിളിൽതൊട്ടു. മുത്തംനൽകി. അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുത്തു. അപ്പോൾ സന്തോഷം തോന്നി. എന്നാൽ ഉരുൾപൊട്ടി എല്ലാം നഷ്ടമായതിനേക്കാൾ വേദനയാണിപ്പോൾ. ദുരന്തം നേരിൽ കണ്ടിട്ടും സഹായിക്കില്ലെന്ന് പറയാൻ പ്രധാനമന്ത്രിക്ക് എങ്ങനെ തോന്നുന്നു’– മുണ്ടക്കൈ ഉരുൾപൊട്ടലിൽ മകളൊഴികെ എല്ലാം നഷ്ടമായ ജസീലയുടെ ചോദ്യം ആരുടെയും ഉള്ളുലയ്‌ക്കും.
ദുരന്തത്തിൽ പരിക്കേറ്റ് ജസീലയും മകൾ നൈസമോളും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ആഗസ്‌ത് 10ന് പ്രധാനമന്ത്രിയെത്തിയത്.
മൂന്നു വയസുകാരി നൈസയുടെ ചേച്ചിമാരായ ഹിന, ഫൈസ, ഉപ്പ ഷാനവാസ്, ഷാനവാസിന്റെ ഉപ്പ മുഹമ്മദാലി, ഉമ്മ ജമീല എന്നിവരെ ഉരുളെടുത്തു. ഷാനവാസ് ഇപ്പോഴും കാണാമറയത്താണ്. നെല്ലിമുണ്ടയിൽ സർക്കാർ നൽകിയ വാടകവീട്ടിലാണിപ്പോൾ ഉമ്മയും മകളുമുള്ളത്.
‘ചികിത്സ ലഭിച്ചു. കാഴ്‌ച്ച തിരികെ ലഭിച്ച് പരിക്കുകളെല്ലാം മാറുന്നു. സംസ്ഥാന സർക്കാരിന്റെ സഹായമെല്ലാം തന്നു. പക്ഷെ അർഹമായ സഹായം തടഞ്ഞാൽ എങ്ങനെ പുതിയ വീടൊരുങ്ങും?. ഉപജീവന മാർഗമില്ലാതെ ഏങ്ങനെ മുന്നോട്ടു പോകും?’– തേങ്ങലടക്കി ജസീലയും ചോദിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..