19 December Thursday

വയനാട്‌ ദുരിതാശ്വാസം ; ഒടുവിൽ തെറ്റിദ്ധരിപ്പിക്കാനും ശ്രമം

പ്രത്യേക ലേഖകൻUpdated: Sunday Nov 17, 2024


തിരുവനന്തപുരം
വയനാട്‌ മുണ്ടക്കൈ ദുരിതാശ്വാസത്തിന്‌ അർഹമായ സഹായം കേന്ദ്രം നിഷേധിക്കുന്നുവെന്ന സത്യം ജനങ്ങൾക്ക്‌ ബോധ്യമായതോടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം.  സഹായത്തിന്‌ അപേക്ഷ നൽകിയത്‌ ചട്ടലംഘിച്ചാണെന്ന്‌ ആരോപിച്ചാണ്‌ കേന്ദ്രസഹമന്ത്രി ജോർജ്‌ കുര്യൻ അടക്കമുള്ളവരുടെ നുണപ്രചാരവേല.
അതേസമയം ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിയുടെ വാദവും കെ വി തോമസിന്‌ അയച്ചകത്തിൽ ആഭ്യന്തര സഹമന്ത്രിയുടെ ചില പരാമർശങ്ങളും ചട്ടലംഘന വാദത്തെ തള്ളുന്നു.

മുണ്ടക്കൈ ദുരന്തത്തെ ‘സിവിയർ നേച്ചർ’ വിഭാഗത്തിൽ ഉൾപ്പെടുത്തണം അതുപ്രകാരമുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന അടിയന്തരവശ്യമാണ്‌ കേരളം അപേക്ഷ വഴിയും പ്രധാനമന്ത്രി അടക്കമുള്ളവരെ നേരിൽകണ്ടും ആവശ്യപ്പെട്ടിട്ടുള്ളത്‌. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായി കേന്ദ്ര പ്രതിനിധി അഡീഷണൽ സോളിസിറ്റർ ജനറൽ സിവിയർ നേച്ചർ പട്ടികയിൽ ഉൾപ്പെടുത്തുന്നതും എത്രപണം അനുവദിക്കും എന്നതും സംബന്ധിച്ച്‌ അറിയിക്കാൻ സമയം വേണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. മന്ത്രി നിത്യാനന്ദ രാജിന്റെ കത്തിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല, എസ്‌ഡിആർഎഫിൽ പണമുണ്ട്‌ എന്നീ കാര്യങ്ങളാണ്‌ ചൂണ്ടിക്കാണിച്ചത്‌. ഇന്റർ മിനിസ്‌റ്റീരിയൽ സംഘത്തെ അയച്ചുവെന്ന്‌ സമ്മതിക്കുന്ന മന്ത്രി ദുരന്തത്തിന്റെ തീവ്രസ്വഭാവത്തെ പരോക്ഷമായി അംഗീകരിക്കുന്നു.

എസ്‌ഡിആർഎഫ്‌ ഫണ്ട്‌ കിടപ്പുണ്ടല്ലോ എന്ന വാദവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. അതിലെ തുക ചെലവഴിക്കുന്നത്‌ കർശനമായ മാനദണ്ഡപ്രകാരമാണ്‌. അതുവച്ച്‌ നിലവിൽ വയനാടിനെ കരകയറ്റാൻ തയ്യാറാക്കിയ പദ്ധതി നടപ്പാക്കാനാകില്ല. അതല്ലെങ്കിൽ കേരളം നിരന്തരമായി ആവശ്യപ്പെടുന്നതുപോലെ മാനദണ്ഡങ്ങൾ മാറ്റണം. അതിനും കഴിയില്ലെങ്കിൽ വയനാടിനായി ഈ തുക മാനദണ്ഡങ്ങൾ മറികടന്ന്‌ ചെലവഴിക്കാമെന്ന പ്രത്യേക ഉത്തരവ്‌ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണം. ഈ വസ്‌തുതകളെല്ലാം മറച്ചുവച്ചാണ്‌ കേരളത്തെ ഞെരുക്കാൻ ഇവിടെനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരടക്കം കൂട്ടുനിൽക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top