23 December Monday

അടിയന്തരസഹായത്തിന് നിബന്ധനവച്ച് കേന്ദ്രം ; പണം കിട്ടണമെങ്കിൽ സംസ്ഥാന ദുരന്തനിവാരണ 
ഫണ്ടിൽനിന്ന്‌ 50 ശതമാനം ചെലവഴിക്കണം

സ്വന്തം ലേഖികUpdated: Saturday Nov 23, 2024


കൊച്ചി
വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിച്ച പണത്തിനും നിബന്ധനവച്ച്‌ കേന്ദ്ര സർക്കാർ. ദുരന്തനിവാരണപ്രവർത്തനങ്ങൾക്കായി അടിയന്തരസഹായമായി  153.467 കോടി രൂപ അനുവദിച്ചെന്നും എന്നാൽ, സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ 50 ശതമാനം വിനിയോഗിച്ചാലേ  തുക ലഭ്യമാക്കൂവെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദുരന്തനിവാരണ വിഭാഗമാണ്‌ സത്യവാങ്മൂലം നൽകിയത്‌. ദുരന്തം നടന്ന്‌ മൂന്നര മാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ അനുവദിക്കാൻ തീരുമാനിച്ച പണത്തിനും കേന്ദ്രം ഉപാധി വച്ചത്‌.  ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുക, ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളെക്കുറിച്ച്‌ സത്യവാങ്മൂലത്തിൽ പരാമർശമില്ല.

പുനരുദ്ധാരണത്തിനും പുനരധിവാസത്തിനുമായി 2219.033 കോടിയുടെ  പ്രത്യേകസഹായത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലാണെന്നാണ്‌ കേന്ദ്രത്തിന്റെ വിശദീകരണം. 

214.68 കോടിയുടെ അടിയന്തരസഹായം ആവശ്യപ്പെട്ട് കേരളം ആഗസ്‌ത്‌ 17ന് അപേക്ഷ നൽകിയിരുന്നു. ഇതിൽ 153.467 കോടി രൂപ അനുവദിക്കാമെന്ന്‌ കേന്ദ്രം പറയുന്നത്‌. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചതിന് വ്യോമസേനയ്‌ക്ക്‌ നൽകേണ്ട തുകയും രക്ഷാപ്രവർത്തനത്തിന് എത്തിച്ച യന്ത്രസാമഗ്രികൾക്കുള്ള ചെലവും തട്ടിക്കിഴിക്കുമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

രണ്ടുവർഷ കാലയളവിൽ സംസ്ഥാന ദുരന്തപ്രതികരണനിധിയിലേക്ക് അനുവദിച്ച ഫണ്ടിൽ ബാക്കിയുള്ളത് 782.99 കോടിയാണ്. ഇത്‌ വയനാടിനുമാത്രമായി ഉപയോഗിക്കാനാകില്ല. എന്നാൽ ഇതിൽനിന്ന്‌ 50 ശതമാനം തുക വിനിയോഗിക്കാനാണ്‌ കേന്ദ്രം ആവശ്യപ്പെടുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top