തിരുവനന്തപുരം
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഓർമിപ്പിച്ച് കേരളം വീണ്ടും കേന്ദ്രസർക്കാരിന് കത്തയച്ചു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും ആവർത്തിച്ചിട്ടുണ്ട്. സർക്കാരിനുവേണ്ടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ നവംബർ 24ന് ആണ് സംസ്ഥാനം നൽകിയ നിവേദനം ഓർമിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വീണ്ടും കത്തയച്ചത്. ആഗസ്‌ത് 17ന് അടിയന്തരസഹായം ആവശ്യപ്പെട്ട് കേരളം നിവേദനം നൽകിയിരുന്നു. എന്നാൽ അതിൽ തീരുമാനമായത് നവംബർ 22ന് ആണ്. 214.68 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ, ദേശീയദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് 153.46 കോടി രൂപ മാത്രം അനുവദിക്കാനായിരുന്നു തീരുമാനം. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്‌ഡിആർഎഫ്) ഏപ്രിൽ മാസത്തിലെ കണക്കുപ്രകാരമുണ്ടായിരുന്ന 558 കോടിയുടെ പകുതിയായ 279 കോടിയിലും താഴെയാണ് പ്രഖ്യാപിച്ച 153.46 കോടി എന്നതിനാൽ പ്രഖ്യാപനം കടലാസിൽ മാത്രമാകും. മുൻവർഷത്തെ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള തുകയാണ് എസ്‌ഡിആർഎഫിലുണ്ടായിരുന്നത്. നിലവിൽ 219 കോടി മാത്രമാണു
ള്ളത്.
"ഒരു ദുരന്തം അപൂർവമായ തീവ്രതയുള്ളതായി കണക്കാക്കപ്പെട്ടാൽ, ദുരന്തനിവാരണ ഫണ്ടിൽ വിഭാവനംചെയ്യുന്നതിലും അപ്പുറമുള്ള സഹായവും പിന്തുണയും ആവശ്യമുള്ള ദേശീയ ദുരന്തമായി കൈകാര്യംചെയ്യണം’ എന്ന പത്താം ധനകമീഷൻ നിർദേശവും കത്തിൽ ഓർമിപ്പിക്കുന്നുണ്ട്. ദുരന്തനിവാരണ ഫണ്ടിനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ദേശീയദുരന്ത നിവാരണ അതോറിറ്റിക്കുള്ള അധികാരം വിനിയോഗിച്ച് ദുരന്തബാധിത കുടുംബങ്ങളുടെയും വ്യക്തികളുടെയും ബാങ്ക് വായ്പകൾ സമ്പൂർണമായി എഴുതിത്തള്ളണമെന്ന ആവശ്യവും കത്തിൽ ഓർമിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..