കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതരെ കേന്ദ്ര സർക്കാർ ക്രൂരമായി അവഗണിക്കുമ്പോഴും ചേർത്തുപിടിച്ച് കേരളം. 17.5 കോടിയിലധികം രൂപയാണ് ഇതുവരെ സംസ്ഥാന സർക്കാർ നൽകിയത്. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരുമാസത്തേക്ക് ദിവസം 300 രൂപാവീതം നൽകാൻ തീരുമാനിച്ചിരുന്നത് ഒരു മാസത്തേക്കുകൂടി നീട്ടി.
പ്രത്യേക അദാലത്തുകൾ സംഘടിപ്പിച്ചാണ് ദുരന്തബാധിതർക്ക് സഹായം ഉറപ്പാക്കിയത്. മരിച്ചവരുടെ ആശ്രിതരായ 160 പേർക്ക് എട്ട് ലക്ഷം രൂപാവീതം നൽകി. 1036 പേർക്ക് അടിയന്തരസഹായമായി 10,000 രൂപാവീതം അനുവദിച്ചു. 174 മൃതദേഹം സംസ്‌കരിക്കാൻ പതിനായിരം രൂപാവീതം നൽകി. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ദിവസം മുന്നൂറ് രൂപാവീതം രണ്ടുമാസത്തേക്ക് 9,67,800 രൂപ നൽകി. പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 4,59,200 രൂപയും പ്രത്യേക സഹായമായി 17 ലക്ഷവും അനുവദിച്ചു. താൽക്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങൾക്ക് വാടകയായി ആഗസ്‌ത് മുതൽ നവംബർവരെ 1,70,86,000 രൂപയാണ് നൽകിയത്.
ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പ് നിർമിക്കാൻ സ്ഥലമേറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന കുടുംബങ്ങളെ 28 ദിവസംകൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിച്ചു. മുണ്ടക്കൈ ഗവ. എൽപി സ്‌കൂളും വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും മേപ്പാടിയിൽ തുറന്ന് അധ്യയനം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..