തിരുവനന്തപുരം
മുണ്ടക്കൈ ദുരന്തത്തിൽ അഞ്ചു നയാപൈസ അധികമായി അനുവദിക്കാത്ത കേന്ദ്ര ബിജെപി സർക്കാർ ദുരന്തരക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്‌റ്ററിന്റെ വാടക നിർബന്ധപൂർവ്വം തട്ടിപ്പറിച്ചു .കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള സമ്മർദ്ദത്തെ തുടർന്ന് വിവിധ കാലത്തുണ്ടായ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനാ ഹെലികോപ്‌റ്റർ വാടകയായ 132.61 കോടി രൂപ അടയ്‌ക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമാകുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ സംസ്ഥാനം മറ്റ് മാർഗങ്ങൾ ആലോചിക്കുന്നതായും സൂചനയുണ്ട്.
ഏറ്റവും ഒടുവിൽ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിന് വന്ന ഹെലികോപ്‌റ്ററിന്റെ വാടകയായ 13.66 കോടി ഉൾപെടെ ചേർത്ത് തുക ഉടൻ അടക്കാൻ പ്രതിരോധമന്ത്രാലയത്തിനുവേണ്ടി എയർ വൈസ് മാർഷൽ വിക്രം ഗൗർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. 132,61,98,733 രൂപയാണ് ബിൽതുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരന്തനിവാരണത്തിനായുള്ള എസ്‌ഡിആർഎഫിൽനിന്നാണ് തുക നൽകേണ്ടത് എന്നതിനാൽ ഹെലികോപ്‌റ്റർ ബിൽ ദേശീയ ദുരന്ത പ്രതികരണനിധിയിൽ (എസ്‌ഡിആർഎഫ്)നിന്ന് നൽകണമെന്ന നിലപാടായിരുന്നു സംസ്ഥാനത്തിന്. എസ്‌ഡിആർഎഫിലെ അവശേഷിക്കുന്ന തുകയിൽനിന്ന് 638.50 കോടി രൂപ വിവിധ പ്രവൃത്തികൾക്കായി നൽകാനുള്ളതാണ്. ഇക്കാര്യം കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി നൽകിയാൽ ഈ വർഷം എസ്‌ഡിആർഎഫിൽ ഫണ്ട് ബാക്കിയുണ്ടാകില്ല.
ദുരന്തമുണ്ടായി നാലരമാസമായിട്ടും ഒരുരൂപ പോലും കേരളത്തിന് സഹായം നൽകാതിരിക്കെയാണ് ഹെലികോപ്‌റ്റർ ബില്ല് ഉടൻ അടയ്‌ക്കാനുള്ള നിർദേശം. ജൂലൈ 30ന് ഉരുൾപൊട്ടലുണ്ടായ ദിവസംമുതൽ സംസ്ഥാന സർക്കാർ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മാത്രം ഹെലികോപ്‌റ്റർ ബില്ല് 8.92 കോടിയാണ്. സമൂഹതിരച്ചിൽ നടത്തിയ ആഗസ്‌ത് 14ന് സൂചിപ്പാറയ്‌ക്ക് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങൾ നീക്കിയതിനാണ് അവസാനമായി ഹെലികോപ്‌റ്റർ ഉപയോഗിച്ചത്. ഇതിനുമാത്രം 29.60 ലക്ഷം രൂപയാണ് ബില്ല്.
2018–- 19 പ്രളയകാലത്തെ ഉൾപ്പെടെയാണ് ബില്ലുകൾ വന്നിട്ടുള്ളത്. 2018ലെ പ്രളയകാലത്ത് ഹെലികോപ്‌റ്റർ വാടക 93.40 കോടിയാണ്. ഇതിന്റെ ബില്ല് കേന്ദ്രസർക്കാർ അയച്ചത് 2019 അവസാനമാണ്. അപ്പോഴേക്കും കേരളം മറ്റൊരു പ്രളയംകൂടി നേരിടേണ്ടിവന്നിരുന്നു. 2019ലെ പ്രളയകാലത്ത് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലും ഹെലികോപ്‌റ്റർ ബില്ല് കൃത്യമായി വന്നു. 2.15 കോടി രൂപ. 2018ലെ പ്രളയകാലത്ത് സംസ്ഥാനത്തിന് അനുവദിച്ച അധിക അരിയുടെ വിലയായി 205.81 കോടി കേന്ദ്ര സർക്കാർ ചോദിച്ചു വാങ്ങിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..