05 November Tuesday

ഇത് സ്ത്രീകളുടെ ശബ്‌ദമാണ്, തീർച്ചയായും കേൾക്കണം: ഹേമ കമീഷൻ റിപ്പോർട്ടിൽ പ്രതികരിച്ച് ഡബ്ല്യൂസിസി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നുവെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നതായും ഡബ്ല്യൂസിസി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ആകാശം നിഗൂഢതകൾ നിറഞ്ഞതാണെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ആദ്യവരി പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്; മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനും. എന്നാൽ, നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുകയോ ചന്ദ്രന് അത്ര മനോഹാരിതയോ ഇല്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. കാണുന്നത് എല്ലാം വിശ്വസിക്കരുത്. ഇത് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയാണ്! സിനിമാ മേഖലയിൽ മാന്യമായ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് അത് നീതീകരിക്കപ്പെട്ടിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവയ്പ്പാണ്. സിനിമാ മേഖലയിൽ ലിംഗഭേദം എങ്ങനെ പ്രകടമാകുന്നു എന്നതിനെപ്പറ്റിയുള്ള റിപ്പോർട്ട് സിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ഈ റിപ്പോർട്ട് തയ്യാറാക്കിയ  ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ വത്സലകുമാരി എന്നിവർക്ക് ഞങ്ങൾ നന്ദി പറയുന്നു.

മാധ്യമങ്ങളോടും കേരള സംസ്ഥാന വനിതാ കമീനോടും കേരളത്തിലെ ജനങ്ങളോടും എല്ലാ വനിതാ സംഘടനകളോടും അഭിഭാഷകരോടും വിമൻ ഇൻ സിനിമാ കളക്ടീവ് നന്ദി പറയുന്നു.റിപ്പോർട്ട് പഠിച്ച് നടപടിയെടുക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ സ്വീകരിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, ഇത് തീർച്ചയായും കേൾക്കണം- ഡബ്ല്യൂസിസി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top