തിരുവനന്തപുരം> സുരക്ഷിതമായ തൊഴിൽ ഇടം അനിവാര്യമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഉയർന്ന വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി രാജിവെച്ചതോടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.
'മാറ്റം അനിവാര്യം. 'നോ' എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം '- ഡബ്ല്യുസിസി ഫെയ്‍സ്‍ബുക്കിൽ കുറിച്ചു.
ബംഗാളി നടി ശ്രീലേഖ മിത്ര, മലയാളി സിനിമാപ്രവർത്തകരായ രേവതി സമ്പത്ത്, സോണിയ മൽഹാർ, ടെസ് ജോസഫ്, ശ്വേത മേനോൻ തുടങ്ങിയവരാണ് തൊഴിൽ ചൂഷണവും ലൈംഗികാതിക്രമവും തുറന്നുപറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പരാതി ഉന്നയിക്കാൻ ആരെങ്കിലും തയ്യാറായാൽ അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഡബ്ല്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ ഏഴിനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. 2019 ഡിസംബർ 31ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. വ്യക്തിഗത പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെ ജസ്റ്റിസ് ഹേമയും മുൻ മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം പോളും എതിർത്തിരുന്നു. വ്യക്തിഗത പരാമർശങ്ങൾ ഒഴിവാക്കി പുറത്തുവിടാമെന്ന് വിവരാവകാശ കമീഷണർ അബ്ദുൾ ഹക്കീമും ഹൈക്കോടതിയും ഉത്തരവിട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
സിനിമയിൽ സ്‌ത്രീപുരുഷ വിവേചനമുണ്ടെന്നും സ്‌ത്രീകൾ പലവിധ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..