മലപ്പുറം > മഞ്ചേരിയിലെ പ്രമുഖ മെഡിക്കൽ സെന്ററിന്റെ വെബ്സൈറ്റുകൾ ഹാക്ക്ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മുംബൈ നൽബസാർ സ്വദേശി നിസാർ സാൻജെ (50)യെയാണ് മലപ്പുറം സൈബർ പൊലീസ് അറസ്റ്റ്ചെയ്തത്. മുംബൈയിലെ ജെജെ മാർഗില്‍വച്ച് ബുധനാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വ്യാഴം രാത്രി ജില്ലയിലെത്തിച്ച ഇയാളെ വെള്ളിയാഴ്ച മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
ഗൾഫ് ഹെൽത്ത് കൗൺസിലിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ പോകുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി മഞ്ചേരിയിലെ മെഡിക്കൽ സെന്ററിന് അനുവദിച്ച വെബ്സൈറ്റുകളാണ് ഹാക്ക്ചെയ്തത്. മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുന്നവർക്കും പരിശോധന നടത്താത്തവര്‍ക്കും സ്ഥാപനത്തിന്റെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുകയായിരുന്നു.
മെയ് 22നാണ് കേസ് രജിസ്റ്റർചെയ്തത്. അന്വേഷണം പുരോഗമിക്കവെ വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന ഏഴുപേരെയും ഇവരെ സഹായിച്ച ട്രാവല്‍ ഏജന്റുമാരെയും പിടികൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതുവരെ 11 പ്രതികളാണ് അറസ്റ്റിലായത്. 29 പേരാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയത്. വിദേശത്തുള്ള ബാക്കി പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസും പുറത്തിറക്കി. ട്രാവൽ എജന്റുമാരെ ചോദ്യംചെയ്തതിൽനിന്നാണ് മുഖ്യസൂത്രധാരനായ നിസാർ സാൻജെയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് മുംബൈലെത്തിയ അന്വേഷകസംഘം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡിസിആർബി ഡിവൈഎസ്‌പി സാജു കെ എബ്രഹാമിന്റെ മേൽനോട്ടത്തിൽ, സൈബർ പൊലീസ് ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. സൈബർ ടീം അംഗങ്ങളായ എസ്ഐ അബ്ദുൾ ലത്തീഫ്, എഎസ്ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സിപിഒ ധനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..