കൊല്ലം > അമ്പത് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വെസ്റ്റ്‌കല്ലട ഫ്ലോട്ടിങ് സോളാർ വൈദ്യുത പദ്ധതിയുടെ നിർമാണോദ്‌ഘാടനം സെപ്‌തംബർ ആദ്യം. വൈദ്യുതിവില സംബന്ധിച്ച് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും (എൻഎച്ച്‌പിസി) കെഎസ്‌ഇബിയും ധാരണയിൽ എത്തുകയും പദ്ധതി നടപ്പാക്കാൻ ഛത്തീസ്‌ഗഡ് അപ്പോളോ കമ്പനിയുമായി എൻഎച്ച്‌പിസി കരാർ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ വലിയ സോളാർ പദ്ധതിക്ക് അവശേഷിക്കുന്നത് ഔപചാരികമായ ഉദ്‌ഘാടനംമാത്രം.
പദ്ധതി നടത്തിപ്പിനായി ജനറൽ മാനേജരെയും മൂന്നു പ്രോജക്ട് ഓഫീസർമാരെയും എൻഎച്ച്‌പിസി വെസ്‌റ്റ്‌കല്ലടയിൽ നിയമിച്ചു. ഈമാസം ചാർജെടുക്കും. 11 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കാൻ കാക്കത്തോപ്പിൽ സ്ഥലം കണ്ടെത്തി. എൻഎച്ച്‌പിസിയുടെ ഓഫീസിന് വെസ്റ്റ് കല്ലടയിൽ കെട്ടിടം കണ്ടെത്തും. അപ്പോളോ കമ്പനിയുടെ ഓഫീസ് കാരാളിമുക്ക് വേങ്ങ ആദിക്കാട് തറവാട്ടിലായിരിക്കും. എൻഎച്ച്‌പിസി 300 കോടിയിലേറെ രൂപ ചെലവഴിച്ചാണ് മുണ്ടകപ്പാടത്തെ 297 ഏക്കറിൽ പദ്ധതി പൂർത്തീകരിക്കുന്നത്.
തുണയായത്
വയബിലിറ്റി ഗ്യാപ് ഫണ്ട്
വൈദ്യുതിയുടെ വിലയിൽത്തട്ടി മുടങ്ങിപ്പോകുമെന്ന് കരുതിയ വെസ്റ്റ്‌കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി യാഥാർഥ്യമായത് സംസ്ഥാന ബജറ്റിൽ മന്ത്രി കെ എൻ ബാലഗോപാൽ പാരമ്പര്യേതര ഊർജ പദ്ധതികൾക്ക് തുക വകയിരുത്തിയതു കൊണ്ടുമാത്രമാണ്. ഇതിൽനിന്ന് വെസ്റ്റ്‌കല്ലട പദ്ധതിക്ക് 20 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (ഡബ്ല്യുജിഎഫ്) അനുവദിച്ചതോടെയാണ് തുടർനടപടി ഉണ്ടായത്. ഈ തുക സർക്കാർ കെഎസ്‌ഇബിക്ക് നൽകി. ഇതോടെ മൂന്നു രൂപ നാലു പൈസ നൽകി ഒരു യൂണിറ്റ് വൈദ്യുതി എൻഎച്ച്‌പിസിയിൽനിന്നും വാങ്ങാമെന്ന് കെഎസ്‌ഇബി തീരുമാനിക്കുകയും കരാറിലാവുകയും ചെയ്‌തു. ഇല്ലെങ്കിൽ വെസ്റ്റ്‌കല്ലടയിൽ ഉൽപ്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ആരുവാങ്ങുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതാകുമായിരുന്നു.
2.40–-2.45 രൂപയ്‌ക്ക് ഒരു യൂണിറ്റ് കെഎസ്‌ഇബിക്ക് നൽകാൻ കുത്തകക്കമ്പനികൾ മത്സരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നിർവാഹമില്ലായിരുന്നു. സോളാർ വൈദ്യുതി വാങ്ങുമ്പോൾ കെഎസ്‌ഇബിക്ക് ഉണ്ടാവുന്ന നഷ്‌ടം നികത്താൻ സർക്കാർ തയ്യാറായതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..