03 December Tuesday

അർബുദ ചികിത്സ; മൃഗശാലയിലെ ഇരുതലമൂരി സുഖം പ്രാപിക്കുന്നു

സ്വന്തം ലേഖികUpdated: Tuesday Nov 5, 2024

ഇരുതലമൂരിയെ സി ടി സ്കാനിങ്ങിന്‌ വിധേയമാക്കിയപ്പോൾ

തിരുവനന്തപുരം > വായിൽ അർബുദം സ്ഥിരീകരിച്ച റെഡ് സാൻഡ് ബോവ ഇനത്തിൽപ്പെട്ട ഇരുതലമൂരി പാമ്പിന് ചികിത്സ ഫലം കാണുന്നു. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ്‌ കിരണിന്റെ നേതൃത്വത്തിൽ സൈക്ലൊഫോസ്ഫമൈഡ് കീമോതെറാപ്പി മരുന്ന് കുത്തിവച്ചു. കൂടാതെ വായിലൂടെ ട്യൂബ് ഇട്ട് ദ്രവീകൃത ഭക്ഷണവും താപനില ക്രമീകരിക്കാൻ ഇൻഫ്രാറെഡ് ലൈറ്റും നൽകിയിട്ടുണ്ട്‌. മൂന്നാഴ്ചത്തെ ചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടെന്ന്‌ അധികൃതർ പറഞ്ഞു. സി ടി സ്കാൻ പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. രോഗം പൂർണമായും ഭേദമാക്കാനായാൽ മൃഗങ്ങളിലെ മാസ്റ്റ്‌ സെൽ ക്യാൻസർ ചികിത്സയിൽ പുതിയ സാധ്യതയായി മാറുമെന്ന് ഡോ. നികേഷ്‌ കിരൺ പറഞ്ഞു.

തീറ്റ എടുക്കാതെ അവശനിലയിലായ ഇരുതലമൂരിയെ  തിരുവനന്തപുരത്തുനിന്നുള്ള വനംവകുപ്പ് അധികൃതർ ഒക്ടോബർ പത്തിനാണ്‌ മൃഗശാലയിലെത്തിച്ചത്. ഏകദേശം  നാല് വയസ്സ് പ്രായമുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. ദ്രവ ഭക്ഷണം നൽകുന്നതിനായി വായിലൂടെ ട്യൂബ് ഇടുന്നതിനിടയിലാണ് വായിൽ അസാധാരണമായ വളർച്ച കണ്ടെത്തിയത്. തുടർന്ന്‌ നടത്തിയ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്സി പരിശോധനകളിൽ മാസ്റ്റ്‌ സെൽ ട്യൂമർ കണ്ടെത്തി. തുടർന്നാണ്‌ കീമോതെറാപ്പി മരുന്ന് നൽകിത്തുടങ്ങിയത്‌.

ഇതിനുമുമ്പ്‌ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചിട്ടില്ലെന്ന് മുംബൈയിലെ "ദി ക്യാൻസർ വെറ്റ്' വെറ്ററിനറി ക്യാൻസർ ഹോസ്പിറ്റലിലെ അർബുദ ചികിത്സകൻ ഡോ. നൂപുർ ദേശായി അറിയിച്ചതായും ഡോ. നികേഷ്‌ കിരൺ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top