22 December Sunday

എന്താണ് സമൂഹവ്യാപനം; കേരളത്തിൽ സമൂഹ വ്യാപനം സംഭവിച്ചോ?

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2020

തിരുവനന്തപുരം > രോഗം എവിടെനിന്ന്‌ ബാധിച്ചുവെന്ന്‌ സ്ഥിരീകരിക്കാനാകാത്തവിധം പകരുന്ന അവസ്ഥ‌. ആശുപത്രിയിൽ മറ്റ്‌ രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവരിൽ വ്യാപകമായി രോഗം സ്ഥിരീകരിച്ചാൽ സമൂഹവ്യാപനം നടന്നതായി കണക്കാക്കാം. രോഗികളുമായോ രോഗബാധിത പ്രദേശങ്ങളുമായോ സമ്പർക്കം ഉണ്ടാകാത്തവരിൽ റാൻഡം പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാലും സമൂഹ വ്യാപനം നടന്നതായി അനുമാനിക്കാം.

സംസ്ഥാനത്ത്‌ സമൂഹ വ്യാപനം സംഭവിച്ചോ?

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച ഭൂരിപക്ഷം ആളുകൾക്കും ആരിൽനിന്ന്‌/ എവിടെനിന്ന്‌ രോഗം പടർന്നു എന്ന്‌ വ്യക്തമാണ്‌. പത്തോളം രോഗികളുടെ കാര്യത്തിൽ ഉറവിടം കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ, മിക്കവാറും ആളുകളിലും ഉറവിടവുമായി ബന്ധിപ്പിക്കുന്ന സൂചന ലഭിച്ചിട്ടുണ്ട്‌. റാൻഡം പരിശോധനയിലും സമൂഹ വ്യാപന സൂചന ഇല്ല.

ആശങ്ക ആവശ്യമോ?

സമ്പർക്കത്തിലൂടെ രോഗം പടരാതിരിക്കാൻ രോഗിയുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ്‌‌. എന്നാൽ, സമൂഹത്തിൽ വ്യാപകമായി രോഗം പടരുന്ന സന്ദർഭത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത്‌ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അസാധ്യമാകും. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ആശുപത്രി, ചികിത്സാ സംവിധാനങ്ങളും സമ്മർദത്തിലാകും.

ഇവർ കൂടുതൽ ജാഗ്രത പുലർത്തണം

രോഗീപരിചരണത്തിൽ ഏർപ്പെട്ടവർ, മറ്റ്‌ ആരോഗ്യപ്രവർത്തകർ, ഫീൽഡ്‌ തലത്തിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാരും ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും ഉൾപ്പെടെയുള്ളവർ, പൊലീസ്‌, ഹോം ഡെലിവറി നടത്തുന്നവർ, പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഉള്ളവർ.

എങ്ങനെ തടയാം

സാമൂഹ്യ അകലം പാലിക്കുക  
ആൾക്കൂട്ടം ഒഴിവാക്കുക  
ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കുക 
വ്യക്തിശുചിത്വം പാലിക്കുക 
രോഗികളെ ശരിയായി പരിചരിക്കുക
കൈകൾ വൃത്തിയായി സൂക്ഷിക്കുക
പൊതു ഇടങ്ങളിൽ മാസ്ക്‌ ധരിക്കുക
 സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top