22 December Sunday

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തിരുവനന്തപുരം > മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനൊരുങ്ങുകയാണ് വനം വകുപ്പ്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തി 273 പഞ്ചായത്തുകൾ സംഘർഷമേഖലകളായും 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി. ഈ 273 ഹോട്ട്‌സ്പോട്ടുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനുകളാകും തയ്യാറാക്കുക. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാൻഡ്സ്‌കേപ്പുകളായി തിരിച്ചിട്ടുണ്ട്.ലാൻഡ്സ്‌കേപ്പ്തല മാസ്റ്റർ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല കർമപദ്ധതിയും തയ്യാറാക്കും. സംസ്ഥാനതല കർമ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് (ഹാക്കത്തോൺ) സംഘടിപ്പിക്കും.

ഹാക്കത്തോൺ

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഹാക്കത്തോൺ. കെ-ഡിസ്‌കുമായി സഹകരിച്ചാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ സ്റ്റാർട്ട്-അപ്പുകൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, ഇന്നവേറ്റർമാർ, സാങ്കേതിക വിദഗ്ദ്ധർ, ഗവേഷകർ, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ദ്ധർ എന്നിവർ ഹാക്കത്തോണിൽ പങ്കാളികളാകാം.

സൗരോർജ വേലികൾ, മതിലുകൾ തുടങ്ങിയവയുടെ കാര്യക്ഷമതയിലെ അപര്യാപ്തത, തത്സമയ നിരീക്ഷണത്തിനുള്ള നൂതന ഉപകരണങ്ങളുടെ കുറവ്, അവ വനമേഖലയിൽ സ്ഥിരമായി ഉപയോഗിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് എന്നിവ സംബന്ധിച്ച പരിഹാര മാർഗങ്ങളും ഹാക്കത്തോണിന്റെ ലക്ഷ്യങ്ങളാണ്.

കൂടാതെ വികസന പ്രവർത്തനങ്ങളും മറ്റു അനുബന്ധ പ്രവർത്തനങ്ങളും മൂലം വനമേഖല തുരുത്തുവത്കരിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂർണമായ സഹകരണം ഉറപ്പുവരുത്തൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ ലഘൂകരണ പ്രവർത്തികൾ കണ്ടെത്തുന്നതിലെ പോരായ്മകൾ എന്നിവ സംബന്ധിച്ച പരിഹാര മാർഗ്ഗങ്ങളും ഹാക്കത്തോൺ ലക്ഷ്യമിടുന്നു.

പ്രൊട്ടോടൈപ്പുകൾ, പ്രൊഡക്ട് ഡെവലപ്മെന്റ്, അല്ലെങ്കിൽ നൂതന സ്റ്റാർട്ട്-അപ്പ് ആശയങ്ങൾ എന്നിവ ഹാക്കത്തോണിലൂടെ കണ്ടെത്തുവാൻ കഴിയും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, പൊതുജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും.
ഇതിലേയ്ക്കായുള്ള ആശയങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 20 ആണ്. സമർപ്പിച്ച ആശയങ്ങൾ ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കുകയും തിരഞ്ഞെടുക്കുന്ന ആശയങ്ങൾ 2025 ഫെബ്രുവരി 15 നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെയും കെ ഡിസ്‌കിന്റെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്.

മിഷൻ ഫെൻസിങ് - 2024

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് മിഷൻ ഫെൻസിങ് 2024. സംസ്ഥാനത്ത് 1400 കിലോമീറ്ററിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് പൊതുജന പങ്കാളിത്തത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും. നവംബർ 25 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപയിനാണിത്. നവംബർ 25 മുതൽ നവംബർ 30 വരെയുള്ള ആദ്യഘട്ടത്തിൽ സൗരോർജ വേലികളുടെ സ്ഥിതി പരിശോധിച്ച് തരംതിരിക്കുകയും തകരാറിലായവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പു നടത്തി ഫണ്ട് സമാഹണം നടത്തുകയും ചെയ്യും.

ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാം ഘട്ടത്തിൽ തകരാറിലായതായി കണ്ടെത്തിയ സൗരോർജ വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നിറവേറ്റും. അവസാന ഘട്ടമായ ഡിസംബർ 16 മുതൽ 24 വരെ പൊതുജനപങ്കാളിത്തത്തോടുകൂടി പ്രവർത്തനക്ഷമമാക്കിയ സൗരോർജവേലികൾ നാടിനു സമർപ്പിക്കും.

പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം  എന്ന പദ്ധതിയും വനം വകുപ്പ് നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വർഷത്തിൽ 50 ശതമാനം കുറവ് വരുത്തുകയാണ് ഒന്നാം ഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ടമായി പരിശീലനങ്ങൾ ജനുവരി മുതൽ ആരംഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി - മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top