22 December Sunday

മനുഷ്യ- വന്യജീവി സംഘർഷം ; മരണസംഖ്യ കുറയ്ക്കാനായി , നഷ്ടപരിഹാരമായി നൽകിയത് 35.19 കോടി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


തിരുവനന്തപുരം
സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമായി വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന മരണസംഖ്യ ​ഗണ്യമായി കുറയ്ക്കാനായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 847 പേരാണ് മരിച്ചത്. ഇതിൽ 540ഉം പാമ്പ് കടിയേറ്റുള്ള മരണമാണ്. ഈ വർഷം വന്യജീവി ആക്രമണത്തെ തുടർന്ന് മരിച്ച 37 പേരിൽ 19 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്‌. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മരിച്ച 555 പേർക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകിയത് 35.19 കോടി രൂപയാണ്. പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതി വനം വകുപ്പ് നടപ്പാക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി - മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

മിഷൻ 
ഫെൻസിങ് -
സംസ്ഥാനത്തെ 1400 കിലോമീ-റ്ററുകളിലായി സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്ന മിഷൻ ഫെൻസിങ്‌ പദ്ധതി നടപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെ ഈ മാസം 25  മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണിത്‌. 25 മുതൽ 30വരെയുള്ള ആദ്യഘട്ടത്തിൽ സൗരോർജ വേലികളുടെ തൽസ്ഥിതി പരിശോധിച്ച് തരംതിരിക്കും. തകരാറിലായവ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പ് നടത്തി ഫണ്ട് സമാഹരിക്കും.

ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാം ഘട്ടത്തിൽ സൗരോർജ വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നടത്തും. അവസാന ഘട്ടമായ ഡിസംബർ 16 മുതൽ 24 വരെ പ്രവർത്തനക്ഷമമാക്കിയ സൗരോർജവേലികൾ നാടിനു സമർപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top