ഇടുക്കി > ഇടുക്കി ചിന്നക്കനാലിൽ കാട്ടാനകൾ ഏറ്റുമുട്ടി. ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടാനകളാണ് ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മുറിവാലന് ഗുരുതരമായി പരിക്കേറ്റു.
21ന് ചിന്നക്കനാലിന് സമിപം സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ഏറ്റുമുട്ടൽ. മൃഗഡോക്ടർമാരുടെ സംഘം ആനയ്ക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ ആനകൾ ഏറ്റുമുട്ടിയശേഷം മുറിവാലൻ 301 കോളനി ഭാഗത്തേക്കുപോയി. ജനവാസ മേഖലയ്ക്ക് സമീപം എത്താതായ കൊമ്പനെ വെള്ളിയാഴ്‌ചയാണ് വീണു കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശനിയാഴ്‌ച ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ മുറിവാലൻ കൊമ്പനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. പിൻഭാഗത്ത് 15 ഇടത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇടതു കാലിന്റെ സ്വധീനം നഷ്ടപ്പെട്ട മുറിവാലൻ കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചു വരുകയായിരുന്നു. ആന്റിബയോട്ടിക്ക് ഉൾപ്പെടെയുള്ളവ നൽകി. ആന സ്വയം എഴുന്നേറ്റാൽ മാത്രമാണ് കൂടുതൽ ചികിത്സ നൽകാൻ സാധിക്കൂ എന്നും ഡോ. അനുരാജ് വ്യക്തമാക്കി.
ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നു. ആദ്യം ഗുരുതരമായി കണ്ടിരുന്നില്ല. പിന്നീട് മുറിവ് പഴുക്കുകയും വൃണമാവുകയും ചെയ്തു. മേഖലയിൽ പെയ്‌ത മഴയാണ് മുറിവ് പഴുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആനയുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എസിഎഫ് ജോബ് ജെ നരിയം പറമ്പിൽ, ദേവികുളം റെയിഞ്ചോഫീസർ പി വി വെജി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..