കൊച്ചി
തെരുവിൽ ജീവിക്കുന്നവരുടെ സമഗ്രപുനരധിവാസം ലക്ഷ്യമിട്ട് വേറിട്ട പദ്ധതിയുമായി ജില്ലാ ഭരണകേന്ദ്രം. അരികുവൽക്കരിക്കപ്പെട്ടവരുടെ ഉപജീവനത്തിനും സംരംഭത്തിനും അവസരം ഒരുക്കുന്ന സ്മൈൽ (സ്‌മൈൽ –- സപ്പോർട്ട് ഫോർ മാർജിനലൈസ്‌ഡ് ഇൻഡിവിഡ്യുൽസ് ഫോർ ലൈവ്‌ലിഹുഡ് ആൻഡ് എന്റർപ്രൈസ്) പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് തുടക്കമായി.
നഗരത്തിൽ ഷെൽട്ടർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സർവേ, തിരിച്ചറിയൽ, മൊബിലൈസേഷൻ, റെസ്ക്യൂ ഷെൽട്ടർ, സമഗ്രപുനരധിവാസം എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങൾ. മെട്രോത്തൂണുകൾക്ക് താഴെയും കടത്തിണ്ണകളിലുമായി മുന്നൂറോളംപേർ തെരുവിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. കൃത്യമായ തിരിച്ചറിയൽ രേഖകളോ വിലാസമോ ഇല്ലാത്ത ഇവർ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും നിരവധിയാണ്.
ഇടപ്പള്ളിമുതൽ വൈറ്റിലവരെ 12 ഇടങ്ങളിലായി 36 പേരുടെ സർവേ ടീം പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. 109 പേരെ സർവേയിലൂടെ കണ്ടെത്താനായി. കലക്ടർ എൻ എസ് കെ ഉമേഷ് സർവേ ഉദ്‌ഘാടനം ചെയ്‌തു. എംജി സർവകലാശാലയിലെയും കോഴിക്കോട് സാഫി, തൃക്കാക്കര കെഎംഎം, പെരുമ്പാവൂർ ജയ്ഭാരത്, കോതമംഗലം മാർ ഏലിയാസ് കോളേജുകളിലെയും സോഷ്യൽ വർക്ക് വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. പുനരധിവാസവുമായി ബന്ധപ്പെട്ട് കൗൺസലിങ്, വിദ്യാഭ്യാസ നൈപുണ്യ വികസനം, തൊഴിൽപരിശീലനം, ആരോഗ്യസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുമായി കൂടിയാലോചിച്ചു നടപ്പാക്കുമെന്ന് കലക്ടർ അറിയിച്ചു.
കലക്ടറുടെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ മേയർ, സിറ്റി പൊലീസ് കമീഷണർ,
ജില്ലാ സാമൂഹികനീതി ഓഫീസർ, ജില്ലാ വികസന കമീഷണർ, കേന്ദ്രസർക്കാരിന്റെ സ്‌മൈൽ പദ്ധതിയുടെ നിർവഹണ ഏജൻസിയായ പീസ്‌വാലി ഫൗണ്ടേഷൻ ഭാരവാഹികൾ എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..