22 November Friday

വിം വെൻഡേഴ്സിന്റെ ത്രീഡി ഡോക്യുമെന്ററി ചൊവ്വാഴ്ച പ്രദർശനത്തിന്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

തിരുവനന്തപുരം > പതിനാറാമത് ഐഡിഎസ്എഫ്എഫ്‍കെ യു‌ടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച 69 സിനിമകൾ പ്രദർശിപ്പിക്കും. 17 സിനിമകൾ മത്സരവിഭാഗത്തിലുള്ളവയാണ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്ത അഞ്ച് സിനിമകളും പ്രദർശനത്തിനുണ്ടാവും.  

വിം വെൻഡേഴ്സിന്റെ ത്രീഡി ചിത്രമായ അൻസെല്‌മും (Anselm) ചൊവ്വാഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. 6 K റെസല്യൂഷനിൽ ചിത്രീകരിച്ച ഈ ചിത്രം പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവമാകും. ചിത്രകാരനും ശില്പിയുമായ അൻസെലം കെയ്ഫറിന്റെ ജീവതത്തിലൂ‌ടെ സഞ്ചരിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ ഐതിഹാസിക ക്യാൻവാസുകളിലൂടെയുള്ള ധ്യാനാത്മക അനുഭവം സമ്മാനിക്കും. കഴിഞ്ഞ വർഷത്തെ കാൻസ് ചലച്ചിത്രമേളയിലാണ് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഡോക്യുമെന്ററി വിക്രമാദിത്യ മോട്വാരന്റെ ഇന്ത്യ (ഇന്ദിര) യുടെ എമർജൻസി (Indi(r)a’s Emergency) യാണ്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ പ്രധാനമന്ത്രിപദത്തിലേക്കുള്ള ഇന്ദിരാഗാന്ധിയുടെ ഉയർച്ചയും അവർ രാജ്യത്ത് അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെക്കുറിച്ചുമാണ് സംസാരിക്കുന്നത്.

പത്ത് മലയാള ചലച്ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും. രാജേഷ് ജെയിംസ് സംവിധാനം ചെയ്ത സ്ലേവ്സ് ഓഫ് ദ് എംപയർ (Slaves of the Empire) എന്ന ഡോക്യുമെന്ററിയും ഇതിലുൾപ്പെ‌ടുന്നു. ഡച്ച് ഭരണത്തിൽ അടിമകളാക്കപ്പെട്ട അലക്കുതൊഴിലാളികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ലോങ് ഡോക്യുമെന്ററികളുടെ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ഹർഷിൽ ഭാനുശാലിയുടെ പിക്ചറിങ് ലൈഫും (Picturing Life) ദേബാങ്കൺ സിങ് സൊലാങ്കിയുടെ ഫോർ ടെയ്ൽസ് ഫ്രം ബുക്ക് എർത്തുമാണ് (Four Tales from Book Earth) ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ. ഇതുകൂടാതെ പത്ത് ഹ്രസ്വ ചലച്ചിത്രങ്ങളും നാല് ഹ്രസ്വ ഡോക്യുമെന്ററികളും മത്സരവിഭാഗത്തിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും.

അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ചൊവ്വാഴ്ച ആവേശമുണർത്തുന്ന ദിവസമാണ്. സ്‌പെക്യുലം ഇൻഡ്യാഅനിമ വിഭാഗത്തിലും അന്താരാഷ്ട്ര അനിമേഷൻ വിഭാഗത്തിലുമായി 18 ചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദർശനത്തിലെത്തുക. പ്രശസ്ത പലസ്തീൻ നടൻ ഹയാം അബ്ബാസിന്റെ മകൾ ലിന സൗലെം സംവിധാനം ചെയ്ത ബൈ ബൈ ടൈബീരിയാസും (Bye Bye Tiberias) ചൊവ്വാഴ്ച പ്രദർശിപ്പിക്കും.

ഫെസ്റ്റിവൽ ജൂറി അംഗങ്ങളായ ഉർമി ജുവേക്കറിന്റെ ദി ഷില്ലോങ് ചേംബർ കൊയർ (The Shillong Chamber Choir), ലിറ്റിൽ ഹോം സ്കൂൾ (Little Home School) എന്നീ ചിത്രങ്ങളും പുഷ്പേന്ദ്ര സിങിന്റെ പേൾ ഓഫ് ദി ഡെസേർട്ടും (Pearl of the Desert) പങ്കജ് ഋഷികുമാറിന്റെ കുമാർ ടാക്കീസും (Kumar Talkies) പരോമിത വോഹ്റ സംവിധാനം ചെയ്ത് ജബീൻ മെർച്ചന്റ് എഡിറ്റ് ചെയ്ത അൺലിമിറ്റഡ് ഗേൾസും (Unlimited Girls) ചൊവ്വാഴ്ച പ്രദർശിപ്പിക്കും.

പ്രശസ്ത നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായിരുന്ന ചെലവൂർ വേണുവിന് ആദരമർപ്പിച്ചുകൊണ്ട് ജയൻ മങ്ങാ‌ടിന്റെ ചെലവൂർ വേണു: ജീവിതം, കാലം എന്ന ‍ഡോക്യുമെന്ററിയും ചൊവ്വാഴ്ച പ്രദർശനത്തിനുണ്ടാവും. കുമാർ സാഹ്നിയു‌ടെ ദി ബാംബൂ ഫ്ലൂട്ടും (The Bamboo Flute) ബേദി സഹോരൻമാരുടെ വൈൽഡ് അഡ്വെൻചേഴ്സ് - ഹോട്ട് എയർ ബലൂണിങ് വിത്ത് ബേദി ബ്രദേഴ്സും (Wild Adventures – Hot Air Ballooning with Bedi Brothers) പ്രദർശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top