23 December Monday
ബാങ്കിങ്‌, സൂപ്പർമാർക്കറ്റുകൾ, വാര്‍ത്താചാനലുകള്‍
 തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെട്ടു

വിൻഡോസ്‌ തുറന്നില്ല, ലോകം സ്തംഭിച്ചു ; വിവിധ രാജ്യങ്ങളിലായി 3300 വിമാന സർവീസ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


വാഷിങ്‌ടൺ
മൈക്രോസോഫ്‌റ്റിന്റെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സോഫ്ട് വെയറായ വിൻഡോസ്‌  തകരാറിലായതോടെ ആ​ഗോളതലത്തില്‍ വിവിധമേഖലകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വിവിധ രാജ്യങ്ങളിലായി 3300 വിമാന സർവീസ് റദ്ദാക്കി. ആരോഗ്യമേഖല, അടിയന്തര സേവനങ്ങൾ, ബാങ്കിങ്‌, സൂപ്പർമാർക്കറ്റുകൾ, വാര്‍ത്താചാനലുകള്‍ തുടങ്ങിയവയുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജർമനി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഐടി സേവനങ്ങള്‍ മുടങ്ങി. അമേരിക്കയിൽ അടിയന്തര സേവനമായ 911 തടസ്സപ്പെട്ടു.  ന്യൂസീലാൻഡ്‌ പാർലമെന്റ്‌ പ്രവർത്തനം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.

മൈക്രോസോഫ്‌റ്റിന്‌ സുരക്ഷ ഒരുക്കുന്ന, അമേരിക്ക ആസ്ഥാനമായ ക്രൗഡ്‌ സ്‌ട്രൈക്കിന്റെ സോഫ്റ്റ്-വെയര്‍ പണിമുടക്കിയതോടെയാണ്‌ ലോകമെങ്ങും വെള്ളി പുലർച്ചെ 3.30ഓടെ ഐ ടി സേവനങ്ങൾ തടസ്സപ്പെട്ടത്‌. സൈബർ ആക്രമണമാണെന്ന അഭ്യൂഹം പരന്നെങ്കിലും സുരക്ഷാ സോഫ്റ്റ്-വെയർ അപ്‌ഡേറ്റിലുണ്ടായ  പ്രശ്‌നമാണ്‌ തകരാറിന്‌ കാരണമെന്ന്‌ ക്രൗഡ്‌ സ്‌ട്രൈക്ക്‌ സിഇഒ ജോർജ്‌ കർട്സ്‌ അറിയിച്ചു.

അപ്‌ഡേറ്റ്‌ പാളിയതോടെ, വിൻഡോസ്‌  അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളിലും ഉപകരണങ്ങളിലും ‘ബ്ലൂ സ്ക്രീൻ ഓഫ്‌ ഡെത്ത്‌’ എന്ന മുന്നറിയിപ്പ്‌ കാണിച്ചു. 10 മണിക്കൂറോളം പിന്നിട്ട ശേഷമാണ്‌ പ്രശ്‌നം ആഗോളതലത്തിൽ ബാധിച്ചതായി കണ്ടെത്തിയത്‌. ഇന്ത്യയില്‍  ബാങ്കിങ് സംവിധാനത്തെ പ്രശ്നം കാര്യമായി ബാധിച്ചില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്‌താവന ഇറക്കി.

17 വിമാന സർവീസ്‌
 റദ്ദാക്കി
മൈക്രോസോഫ്റ്റ്‌ വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്​സ്ട്രൈക്ക്‌ നിശ്ചലമായത് കേരളത്തില്‍ ബാങ്കിങ് മേഖലമുതൽ വിമാനത്താവളങ്ങളിലെ ബോർഡിങ് പാസ് വിതരണത്തെവരെ ബാധിച്ചു. നെടുമ്പാശേരിയിൽ 13 ഉം തിരുവനന്തപുരത്ത് നാലും വിമാന സർവീസുകൾ റദ്ദാക്കി. ഇൻഡിഗോയെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നെടുമ്പാശേരിയിൽനിന്ന്  ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിലേക്കുള്ള മൂന്നുവീതം സർവീസുകളും മടക്കയാത്രയും റദ്ദാക്കി. 

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു രാജ്യാന്തര സർവീസും ബംഗളൂരു സർവീസും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിലേക്കുള്ള സർവീസും ഇൻഡി​ഗോയുടെ ഹൈദരാബാദ്, ചെന്നൈ,ബം​ഗളൂരു  സർവീസുകളുമാണ് റദ്ദാക്കിയത്.  കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരവധി സർവീസുകൾ മണിക്കൂറുകൾ വൈകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top