22 December Sunday

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണി; ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്‌ക്ക്‌ 1.86 കോടി നഷ്ടമായി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കാഞ്ഞിരപ്പള്ളി> സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞുള്ള ഓൺലൈൻ തട്ടിപ്പിലൂടെ കാഞ്ഞിരപ്പള്ളി സ്വദേശിനിയ്ക്ക് നഷ്ടമായത് 1.86 കോടി രൂപ. സെപ്‌തംബർ ഒന്നിനാണ്‌ സിബിഐയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞ്‌ വീട്ടമ്മയെ വിളിക്കുന്നത്‌. പേരും കുടുംബവിവരങ്ങളും പറയുകയും തുടർന്ന് വാട്സാപ്പിൽ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു.  സിബിഐയുടെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ യൂണിഫോമിലുള്ള ഒരാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌.

വിളിച്ചയാൾ ഇവരുടെ ബാങ്ക് വിവരങ്ങൾ കൃത്യമായി പറഞ്ഞിരുന്നു. കൂടാതെ  വീട്ടമ്മയുടെ മുംബൈയിലുള്ള അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വാറണ്ട് ഉള്ളതിനാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. വ്യാജമായി നിർമിച്ച അറസ്റ്റ് വാറണ്ട് കൂടി കാണിച്ചതോടെ ഇവർ പരിഭ്രാന്തയായി.  കേസിൽ നിന്ന്‌ ഒഴിവാകണമെങ്കിൽ  പണം തരണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഈ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി.

തുടർന്ന് വീട്ടമ്മ  പലതവണകളായി 1,86,62,000 രൂപ  ഇവർ പറഞ്ഞ അക്കൗണ്ടുകളിലേക്ക്  അയക്കുകയായിരുന്നു. പണം കൈമാറിയശേഷം അവരെ ബന്ധപ്പെടാൻ കഴിയാതിരുന്നപ്പോഴാണ് തട്ടിപ്പാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്‌ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top