21 December Saturday

കലവൂരിലെ കൊലപാതകം: 
ദമ്പതികൾ കർണാടകയിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


ആലപ്പുഴ
കലവൂർ കോർത്തുശേരിയിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ ഒളിവിൽപോയ ദമ്പതികൾ കർണാടകയിൽ പിടിയിൽ. കാട്ടൂർ പള്ളിപ്പറമ്പിൽ സ്വദേശി മാത്യൂസ്‌(നിധിൻ–-33), ഉഡുപ്പി സ്വദേശി ശർമിള(30) എന്നിവരെയാണ്‌ മണിപ്പാലിൽനിന്ന്‌ മണ്ണഞ്ചേരി പൊലീസ്‌ പിടികൂടിയത്‌. ഉഡുപ്പിയിൽനിന്ന്​ എട്ടുകിലോമീറ്റർ അകലെ മണിപ്പാലിലെ ശർമിളയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌  പിടിയിലായത്‌. ​ഇവരെ വെള്ളി പുലർച്ചയോടെ മണ്ണഞ്ചേരി സ്‌റ്റേഷനിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം  കസ്‌റ്റഡിയിൽ വാങ്ങി ഉഡുപ്പിയിലടക്കം എത്തിച്ച്‌ തെളിവെടുക്കും. സുഭദ്രയിൽ നിന്ന്‌ കവർന്ന ആഭരണങ്ങൾ ഇവർ ഉഡുപ്പിയിലും ആലപ്പുഴയിലും പണയം വെച്ചിരുന്നു.  ഇത്‌ കണ്ടെടുക്കും.

കൊച്ചി കടവന്ത്രയിൽനിന്ന് ആഗസ്‌ത്‌ നാലിന് കാണാതായ സുഭദ്ര‌(73)യുടെ മൃതദേഹം ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത്  പഴമ്പാശ്ശേരി വീടിന്‌ പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി രണ്ടുദിവസത്തിനകം പ്രതികളെന്നു സംശയിക്കുന്ന ദമ്പതികൾ പിടിയിലായി. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പൊലീസിന്റെ തെരച്ചിൽ. ഉഡുപ്പിയിലെത്തിയ പൊലീസ്‌ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇതിനിടെ ഇവരുടെ ഫോൺ സ്വിച്ച്‌ ഓഫായി. തുടർന്ന്‌ ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പിടിയിലായത്‌.

സുഭദ്രയുടെ സ്വർണാഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും പണയപ്പെടുത്തി പണം അക്കൗണ്ടിലേക്ക്​ എത്തിയതിന്റെ വിവരങ്ങൾ  പൊലീസിന്‌ ലഭിച്ചിരുന്നു. സിസിടിവി പരിശോധനയിലും ഇരുവരുടെയും ദൃശ്യങ്ങൾ ലഭിച്ചു. ഉഡുപ്പിയിൽ രണ്ട്​ സ്വർണവള പണയപ്പെടുത്തി കിട്ടിയതുക ഗൂഗിൾപേവഴി മാത്യൂസിന്റെ അക്കൗണ്ടിലെത്തിയിരുന്നു. ഇതിന്റെ  വിശദാംശങ്ങൾ തേടി സിസിടിവി പരിശോധിച്ചപ്പോഴാണ്​ ഇരുവരും ഉഡുപ്പിയിലെത്തി​യെന്ന്​ ഉറപ്പിച്ചത്​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top