തിരുവനന്തപുരം> സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചു. ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ ദക്ഷിണേന്ത്യയിലെ ചാനലൈസിംഗ് ഏജൻസികളുടെ ദക്ഷിണ മേഖല കോൺഫറൻസിലാണ് പ്രവർത്തന മികവിന് ഒന്നാം സ്ഥാനം ലഭിച്ചത്.
വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോർപറേഷന്റെ നാളിതുവരെയുള്ള പ്രവർത്തന ചരിത്രത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ദേശീയ ന്യൂനപക്ഷ കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയാകുന്നത്. കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി കൂടി സർക്കാർ അടുത്തിടെ അനുവദിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 340 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ 375 കോടി രൂപയുടെ വായ്പാ വിതരണത്തിലൂടെ 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന ദക്ഷിണ മേഖല കോൺഫറൻസിൽ വച്ച് വനിത വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ബിന്ദു വി സി, എൻഎംഡിഎഫ്സിയുടെ സിഎംഡി ഡോ. ആഭറാണി സിംഗിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..