കൊച്ചി> തൊഴിലിടങ്ങളിൽ സ്‌ത്രീസൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. തൊഴിൽ ഉടമകളും സർക്കാർ സംവിധാനങ്ങളും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണം. കമീഷൻ മുമ്പാകെ വരുന്ന പരാതികളുടെ ആധിക്യം ഇതാണ് ബോധ്യപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ നടത്തിയ അദാലത്തിൽ ലഭിച്ച പരാതികളിലേറെയും തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്. കുടുംബപ്രശ്നങ്ങൾ, മുതിർന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാതികളും കൂടുതലായി ലഭിച്ചു.
ഐടി കമ്പനിയിൽനിന്ന് ലഭിച്ച പരാതിയിൽ ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിച്ചിട്ടുണ്ടോ എന്നതിന്റെയും പരാതി, സമിതി പരിഗണിച്ചോ എന്നതിന്റെയും റിപ്പോർട്ട് ഹാജരാക്കാൻ കമ്പനിയോട് കമീഷൻ ആവശ്യപ്പെട്ടു.
ജനസാന്ദ്രത കൂടുമ്പോൾ എല്ലാ സ്ഥലങ്ങളിലും അയൽപ്പക്ക തർക്കങ്ങളും കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തദ്ദേശ ജാഗ്രതാ സമിതികളിലൂടെ നിയമ ബോധവൽക്കരണം ശക്തിപ്പെടുത്താനും പ്രശ്നങ്ങളിൽ പ്രാദേശികമായി ഇടപെടലുകൾ നടത്താനും സാധിക്കണം. ഇതിനായി ജാഗ്രതാസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കമീഷൻ വിലയിരുത്തി. അദാലത്തിൽ ആകെ 102 പരാതികൾ ലഭിച്ചു. 19 പരാതികൾ തീർപ്പായി. അഞ്ച് പരാതികൾ പൊലീസ് റിപ്പോർട്ടിനായി കൈമാറി. രണ്ട് പരാതികളിൽ കക്ഷികൾക്ക് കൗൺസലിങ് നൽകാനും തീരുമാനിച്ചു. അംഗങ്ങളായ എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിള മണി എന്നിവർ പരാതികൾ തീർപ്പാക്കി. കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, കമീഷൻ പാനൽ അഭിഭാഷകർ, കൗൺസലർമാർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..