18 November Monday
മുൻവർഷങ്ങളിൽ കോവിഡായിരുന്നു മുന്നിൽ

ആഗോളതലത്തിൽ കൂടുതൽ മരണം: വില്ലനായി ക്ഷയരോഗം

സ്വന്തം ലേഖികUpdated: Sunday Nov 10, 2024

തിരുവനന്തപുരം> മൂന്നുവർഷത്തിനുശേഷം കോവിഡിനെ പിന്തള്ളി ലോകത്ത്‌ ഏറ്റവും കൂടുതൽ മരണങ്ങൾക്ക്‌ കാരണമാകുന്ന സാംക്രമിക രോഗമായി ട്യൂബർകുലോസിസ്‌ (ടിബി) തിരികെയെത്തിയതായി ലോകാരോഗ്യസംഘടന. 2020, 2021 വർഷങ്ങളിൽ ആഗോളതലത്തിൽ കൂടുതൽ മരണത്തിന്‌ കാരണമായത്‌ കോവിഡായിരുന്നു. എന്നാൽ, 2023ൽ ടിബി ഈ സ്ഥാനത്ത്‌ തിരികെയെത്തിയതായി ലോകാരോഗ്യ സംഘടനയുടെ 2024ലെ ആഗോള റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

എച്ച്‌ഐവി/എയ്‌ഡ്‌സിനേക്കാൾ ഇരട്ടി മരണങ്ങളാണ്‌ ടിബി (ക്ഷയരോഗം) കാരണമുണ്ടായത്‌. ലോകത്താകെയുള്ള ക്ഷയരോഗികളിൽ 56 ശതമാനവും അഞ്ചു രാജ്യങ്ങളിലാണ്‌. ഈ കണക്ക്‌ പ്രകാരം ഏറ്റവുംകൂടുതൽ രോഗികൾ ഇന്ത്യയിലാണ്‌, 26 ശതമാനം. ഇന്തോനേഷ്യ (10), ചൈന (6.8), ഫിലിപ്പീൻസ്‌ (6.8), പാകിസ്ഥാൻ (6.3) എന്നീ രാജ്യങ്ങളാണ്‌ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്‌. രോഗികളിൽ 55 ശതമാനം പുരുഷൻമാരും 33 ശതമാനം സ്‌ത്രീകളും 12 ശതമാനം കുട്ടികളുമാണ്‌.

അതേസമയം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ക്ഷയരോഗ സർവേയിൽ രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്‌. കേരളത്തിൽ ഓരോ ഒരുലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. രാജ്യത്ത്‌ ഇത്‌ ലക്ഷത്തിൽ 199ഉം ആഗോളതലത്തിൽ ഒരുലക്ഷത്തിൽ 133ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തിൽ ഒരു ലക്ഷത്തിൽ ഏഴും ഇന്ത്യയിൽ 34, ലോകത്ത് 18 ആളുകളുമാണ് ക്ഷയരോഗംമൂലം മരണപ്പെടുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്നപോലെ കുറഞ്ഞ ക്ഷയരോഗ മരണനിരക്കിലും കേരളം ലോകത്തിന്‌ മാതൃകയാണ്‌.

2015-നെ അപേക്ഷിച്ച് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം കുറവാണ്‌ സംസ്ഥാനത്തുള്ളത്‌. ഇതിലൂടെ 2022-ൽ ദേശീയതലത്തിൽ സിൽവർ മെഡൽ ലഭിക്കുകയും ചെയ്തു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനും പുരസ്‌കാരം ലഭിച്ചിരുന്നു. 2023ൽ കേന്ദ്ര സർക്കാർ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ചതും ആരോഗ്യവകുപ്പിന്റെ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top