21 November Thursday

ഇന്ന്‌ ലോക മഴ ദിനം ; മഴപെയ്‌ത്തിന്റെ സ്വഭാവം മാറുന്നു , പെയ്യുന്നതിൽ അധികവും അതിതീവ്ര മഴ

കെ എ നിധിൻ നാഥ്‌Updated: Sunday Jul 28, 2024


തൃശൂർ
സംസ്ഥാനത്തെ കാലവർഷ മഴപെയ്‌ത്തിന്റെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുന്നു.  ഇപ്പോൾ പെയ്യുന്നതിൽ അധികവും അതിതീവ്ര മഴയാണ്‌. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലാണ്‌ മഴ ലഭിക്കുന്നത്‌.   മിതത്വമുള്ള മഴ ഇല്ലാതാവുകയാണ്‌. ജൂൺ മുതൽ സെപ്‌തംബർ വരെ നീണ്ട്‌ നിൽക്കുന്ന ഈ കാലത്ത്‌ മഴ ദിനങ്ങൾ വലിയ രീതിയിൽ കുറയുന്നുമുണ്ട്‌. കാലവർഷ കാറ്റിന്റെ ശക്തി ദുർബലമാകുന്നതാണ്‌ മഴ കുറയാൻ വഴിവെക്കുന്നത്‌. കരയും കടലും തമ്മിലുള്ള താപനിലയിലെ വ്യത്യാസമാണ്‌ കാറ്റിനെ കരയിലേക്ക്‌ അടുപ്പിക്കുക. എന്നാൽ കടലിലും കരയിലും ചൂട്‌ കൂടുന്നതാണ്‌ തിരിച്ചടിയാകുന്നതെന്ന്‌ കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം ജി മനോജ് പറഞ്ഞു.

കാലവർഷത്തിൽ അതിതീവ്ര മഴ ലഭിക്കുന്നതിനാൽ ആകെ ലഭിക്കേണ്ട  മഴ ഏകദേശം ലഭിക്കുന്നുണ്ട്‌. പക്ഷെ ഇത്‌ ആശ്വസകരമായ കാര്യമല്ല. ഭൂമിക്ക്‌ ഗുണകരമാവുന്നില്ല. ഭൂമിയിലേക്ക്‌ വെള്ളം ഊർന്നിറങ്ങി ഭൂഗർഭ ജല സമ്പത്ത്‌ വർധിക്കുന്നതിനു പകരം വെള്ളം പുഴകൾ വഴി  കടലിലേക്ക്‌ ഒഴുകുകയാണ്‌.  പലപ്പോഴും വൻ നാശത്തിനും  വഴിവെക്കുന്നു. സാധാരണഗതിയിൽ ഉണ്ടാകുന്ന മഴയിൽ നിന്ന്‌ വ്യത്യസ്ഥമായി ന്യൂനമർദനം, ന്യൂനമർദ പാതി, ചുഴലിക്കാറ്റ്‌ എന്നിവ രൂപപ്പെടുന്നതിലൂടെയാണ്‌ അതിതീവ്രമഴ പെയ്യുന്നത്‌. കാലവർഷത്തിൽ സാധാരണഗതിയിൽ ഇടിമിന്നൽ കുറവാണുണ്ടാവുക. എന്നാൽ ഇപ്പോൾ ഇടിമിന്നലിന്റെ അളവും തോതും തീവ്രതയും വർധിക്കുകയാണ്‌. കൂമ്പാര മേഘങ്ങൾ രൂപപ്പെടുന്നതാണ്‌ വ്യാപകമായ ഇടിമിന്നലിന്‌ വഴിയൊരുക്കുന്നത്‌.  മിന്നൽച്ചുഴലി കേരളത്തിൽ പുതിയ പ്രതിഭാസമാണ്‌. 2018മുതലാണ്‌ മിന്നൽച്ചുഴലി ഉണ്ടാകാൻ തുടങ്ങിയത്‌. കടലിൽ ചൂട്‌ കൂടുന്നതോടെ മേഘങ്ങളിൽ നിന്ന്‌ താഴേക്ക്‌ ശക്തമായ കാറ്റിന്റെ തള്ളൽ ഉണ്ടാകും. ഇതാണ്‌ മിന്നൽച്ചുഴലിയ്‌ക്ക്‌ കാരണമാകുന്നത്‌. കാലവസ്ഥയിലെ മാറ്റം പ്രളയത്തിനും വരൾച്ചയ്‌ക്കും വഴിയൊരുക്കാനും സാധ്യതയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top