27 December Friday

ഇന്ന്‌ ലോക നദി ദിനം: നദീ സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മീനച്ചിലാർ

അജിൻ ജി നാഥ്‌Updated: Sunday Sep 22, 2024

കോട്ടയം > പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി  എഴുതിയ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്സ്’ കൃതിയിൽ ആഴവും പരപ്പും കുത്തൊഴുക്കുമുള്ള മീനച്ചിലാറിന്റെയും ആറിന്റെ തീരത്തുള്ള അയ്മനം ഗ്രാമത്തിന്റെയും കഥയാണ്‌ പറയുന്നത്‌. എന്നാൽ കാലവും കഥയും മാറിയപ്പോൾ മീനച്ചിലാറിന്റെ പ്രൗഢിയും മറഞ്ഞുതുടങ്ങി. 

വറ്റിവരണ്ടും മാലിന്യവാഹിനിയായും ഒഴുക്ക്‌ ഇല്ലാതായി. ഇതായിരുന്നു കുറച്ചുകാലം മുമ്പ്‌ വരെ മീനച്ചിലാറിന്‌ പറയാനുള്ളത്‌. എന്നാൽ വീണ്ടും കഥയും കാലവും മാറി. പുഴയെയും അതിന്റെ രണ്ട്‌ കൈവഴികളെയും മരണവക്കിൽ നിന്നും ജനകീയ പ്രയത്‌നത്തിലൂടെ തിരിച്ചു പിടിച്ച കഥയാണ്‌   കോട്ടയത്തിന്‌ പറയാനുള്ളത്‌. നദീസംരക്ഷണത്തിന്റെ ഉത്തമമാതൃകയായി മാറി മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ പുനർസംയോജനപദ്ധതി.

പുഴയൊഴുകിയ കഥ

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാർ പുനരുജീവിപ്പിച്ചതിൽനിന്നും ആവേശം ഉൾക്കൊണ്ടാണ്‌ കോട്ടയത്തും നദീസംരക്ഷണപ്രവർത്തനങ്ങൾ ആരംഭിച്ചത്‌. 2017 ആഗസ്‌ത്‌ 28ന്‌ അന്നത്തെ  മന്ത്രി  ഡോ. ടി എം തോമസ്‌ ഐസക്ക്‌  ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം കുറിച്ചു.  അഡ്വ. കെ അനിൽകുമാർ കോ ഓർഡിനേറ്ററായി പദ്ധതി ആരംഭിച്ചു.  

മീനന്തറയാറിനെ വീണ്ടെടുക്കലായിരുന്നു പ്രധാനപ്രവർത്തനം.   ഇതിനുതുടർച്ചയായി മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കിയും മാലിന്യങ്ങളും ചെളിയും മാറ്റിയും നദിയുടെ സ്വാഭാവിക വീതി വീണ്ടെടുത്തു. ഏഴുവർഷം കൊണ്ട്‌   1650 കിലോമീറ്റർ തോടുകൾ തെളിച്ചതിനൊപ്പം 5650 ഏക്കറിൽ തരിശുനിലകൃഷിയും.

ലോകശ്രദ്ധയിൽ ജലടൂറിസവും ആമ്പൽവസന്തവും

തെളിച്ചെടുത്ത പുഴകളും തോടുകളും ടൂറിസം കേന്ദ്രങ്ങളാവുകയും ജനങ്ങൾക്ക്‌ വരുമാനമാർഗവും സൃഷ്‌ടിച്ച മറ്റൈാരു മാതൃകയും കോട്ടയം സൃഷ്‌ടിച്ചു. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നിറയുന്ന ആമ്പലുകൾ വള്ളങ്ങളിലെത്തി കാണുവാനായി തിരുവാർപ്പ്‌  മലരിക്കലിൽ ടൂറിസം പദ്ധതി ആരംഭിച്ചു. ആമ്പലിനൊപ്പം കായൽയാത്ര, മീൻപിടിത്തം, കള്ളുചെത്ത്‌, നാടൻഭക്ഷണം തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചതോടെ മലരിക്കലിലെ വിസ്‌മയകാഴ്‌ച്ച ലോകം മുഴുവനുമറിഞ്ഞു.   കടപ്പൂര്‌ പക്ഷിസങ്കേതം, പടിയറക്കടവ്‌, അമ്പാട്ടുകടവ്‌, പാതിയപ്പള്ളി കടവ്‌, നീറിക്കാട്‌ എന്നിവിടങ്ങളിലും ടൂറിസം പദ്ധതി വ്യാപിപ്പിച്ചു.  നാടിന്റെ നിലനിൽപ്പിന്റെയും വികസനത്തിനും പുത്തൻ മാനങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു നദീ പുനർസംയോജന പദ്ധതി .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top