21 November Thursday

ദുരിതബാധിതർക്ക്‌ പുഴുവരിച്ച ഭക്ഷ്യധാന്യം; പ്രതി മേപ്പാടി പഞ്ചായത്തുതന്നെ

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

കൽപ്പറ്റ> ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മേപ്പാടി പഞ്ചായത്ത്‌ വിതരണംചെയ്‌ത പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യക്കിറ്റുകൾ സർക്കാർ നൽകിയതല്ലെന്ന്‌ തെളിയുന്നു. സർക്കാർ നൽകിയ സാധനങ്ങളെക്കുറിച്ച്‌ മറ്റു പഞ്ചായത്തുകൾക്കും കൽപ്പറ്റ മുനിസിപ്പാലിറ്റിക്കും ആക്ഷേപമില്ലെന്നിരിക്കെയാണ്‌ മേപ്പാടിയിൽ മാത്രം പുഴുവരിച്ചത്‌ എന്ന ആരോപണം. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ദുരിതബാധിത കുടുംബങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ്‌ മേപ്പാടിയിൽ നടന്നതെന്ന്‌ വ്യക്തം.  

കൽപ്പറ്റ നഗരസഭ, മേപ്പാടി, മൂപ്പൈനാട്‌, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, അമ്പലവയൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി സർക്കാർ താമസിപ്പിച്ച ദുരിതബാധിതർക്കുള്ള അരി ഒക്‌ടോബർ 30, നവംബർ ഒന്ന്‌ തീയതികളിലാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കൈമാറിയത്‌. മേപ്പാടിയിലേക്കുള്ള 23,530 കിലോ അരി പഞ്ചായത്ത്‌ സെക്രട്ടറി ഒപ്പിട്ടുവാങ്ങിയത്‌ ഒക്‌ടോബർ 30ന്‌ ആണ്‌. കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂളിലെ ജൂബിലി ഹാളിൽനിന്നാണ്‌ അരി സ്വീകരിച്ചത്‌. ഇതിന്റെ രേഖയുണ്ട്‌. മൂപ്പൈനാട്‌ 8970 കിലോ ഗ്രാം, വൈത്തിരി 3640, മുട്ടിൽ 3640, കണിയാമ്പറ്റ 1300, അമ്പലവയൽ 1250, കൽപ്പറ്റ നഗരസഭ 9100 കിലോ ഗ്രാം എന്നിങ്ങനെയാണ്‌ കൈമാറിയത്‌.

മികച്ച ഇനം അരിയാണെന്ന്‌ ആറിടത്തെയും തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഇവ മുഴുവൻ വിതരണംചെയ്‌തിട്ടുമുണ്ട്‌. എന്നാൽ മേപ്പാടിയിൽ ലഭിച്ച അരി വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യുമെന്നാണ്‌ വ്യാഴാഴ്‌ച പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക്‌ സെക്രട്ടറി എഴുതി നൽകിയ മറുപടി. ദുരിതബാധിതർക്ക്‌ ഓണത്തിന്‌ നൽകാനുള്ള കിറ്റുകൾ സെപ്‌തംബർ ഒമ്പതിനാണ്‌ അതത്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കൈമാറിയത്‌. ഇവ ഓണത്തിനുമുമ്പുതന്നെ വിതരണംചെയ്‌തിട്ടുണ്ട്‌. ശേഷം സർക്കാർ കിറ്റ്‌ നൽകിയിട്ടില്ല.

വയനാട്ടിൽ ദുരന്തബാധിതർക്ക് മോശം അരി വിതരണം ചെയ്‌തത്‌ മേപ്പാടി പഞ്ചായത്തല്ലെന്ന വാദവുമായി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. റവന്യുവിഭാഗം നൽകിയ ഭക്ഷ്യസാധനങ്ങളാണ് പഞ്ചായത്ത് വിതരണം ചെയ്തത്. ഒക്ടോബർ 15-ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നശേഷം പഞ്ചായത്ത് അംഗങ്ങളോ ഭരണസമിതിയോ ഒരു സാധനവും വിതരണം ചെയ്തിട്ടില്ല. എന്നിട്ടും കുറ്റം യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെമേൽ കെട്ടിവയ്ക്കുകയാണെന്ന്‌ സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top