22 December Sunday

പഞ്ചായത്ത്‌ ഭക്ഷ്യക്കിറ്റിൽനിന്നും വിഷബാധ; ആസൂത്രിതം

അജ്നാസ് അഹമ്മദ്Updated: Sunday Nov 10, 2024

പുഴുവരിച്ച ഭക്ഷ്യധാന്യം വിതരണംചെയ്‌തതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് മേപ്പാടിയിൽ റോഡ്‌ ഉപരോധിച്ചപ്പോൾ

കൽപ്പറ്റ> ഉരുൾപൊട്ടൽ  ദുരന്തബാധിതർക്ക്‌  മേപ്പാടിയിലെ യുഡിഎഫ്‌ ഭരണസമിതി വിതരണം ചെയ്‌ത കിറ്റിലെ ഭക്ഷ്യവസ്‌തുക്കൾ കഴിച്ച കുടുംബങ്ങളിലെ മൂന്ന്‌ കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധ. മാസങ്ങൾക്ക്‌ മുമ്പ്‌ സർക്കാർ നൽകിയ ഭക്ഷ്യകിറ്റ്‌ പൂഴ്‌ത്തിവച്ചശേഷം തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയാണ് നൽകിയത്. ഇത് കഴിച്ച കുട്ടികൾക്കാണ് വിഷബാധ. മോശം ഭക്ഷ്യസാധനങ്ങൾ നൽകി മറ്റൊരു ദുരന്തത്തിലൂടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള ബോധപൂർവ്വമായ  ശ്രമമാണോയെന്നും സംശയമുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ സർക്കാർ വിജിലൻസ്‌ അടക്കമുള്ള അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.  

കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ സർക്കാർ വാടകയ്‌ക്ക്‌ താമസിപ്പിച്ച കോറാടൻ സജിത്തിന്റെയും നൂർജഹാന്റെയും മകൻ ആദി ഹയാൻ (8), നൂർജഹാന്റെ സഹോദരി നൂറിഷയുടെയും സത്താറിന്റെയും മകൾ മിഷ്‌ബ (10), മുഹമ്മദിന്റെയും ഫൗസിയയുടെയും മകൾ സന ഫാത്തിമ (14) എന്നിവർക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌.  ആദി ഹയാൻ, സന ഫാത്തിമ എന്നിവർ വൈത്തിരി താലൂക്ക്‌ ആശുപത്രിയിലും മിഷ്‌ബ സ്വകാര്യ ക്ലിനിക്കിലും ചികിത്സതേടി. കിറ്റിലുണ്ടായിരുന്ന സോയാബീൻ കഴിച്ചതിനെ തുടർന്ന്‌ വയറുവേദനയും ഛർദിയും അസ്വസ്ഥതയുമുണ്ടാവുകയായിരുന്നു.

കഴിഞ്ഞദിവസം ലഭിച്ച കിറ്റിലുണ്ടായിരുന്ന റവയിലും സോയാബീനിലും ചെള്ള്‌ കണ്ടെങ്കിലും വൃത്തിയാക്കി പാചകംചെയ്യുകയായിരുന്നുവെന്ന്‌ നൂർജഹാൻ പറഞ്ഞു. ഭക്ഷണത്തിൽനിന്നാണ്‌ കുട്ടികൾക്ക്‌ വിഷബാധയുണ്ടായതെന്ന്‌ ഡോക്ടർമാർ പറഞ്ഞു. മന്ത്രി പി പ്രസാദ്‌ കുട്ടികളെ ആശുപത്രിയിൽ സന്ദർശിച്ചു. മേപ്പാടി, മൂപ്പൈനാട്‌, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, അമ്പലവയൽ എന്നീ പഞ്ചായത്തുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായി സർക്കാർ താമസിപ്പിച്ച ദുരിതബാധിതർക്ക്‌ വിതരണം ചെയ്യാൻ ഒക്‌ടോബർ 30, നവംബർ ഒന്ന്‌ തീയതികളിലായി സർക്കാർ അരി നൽകിയിരുന്നു. ഈ അരി ഇതുവരെ മേപ്പാടിയിൽ  വിതരണം ചെയ്‌തിട്ടില്ല. അതിന്‌ മുമ്പ്‌  സെപ്‌തംബറിൽ ഓണ കിറ്റുകളും  നൽകി. മേപ്പാടിയിലൊഴികെ മറ്റെവിടെയും ആക്ഷേപമില്ല.  

പുഴുവരിച്ച ഭക്ഷ്യധാന്യം വിതരണംചെയ്‌തതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. ശനിയാഴ്‌ച എൽഡിഎഫ്‌  നേതൃത്വത്തിൽ മേപ്പാടിയിൽ റോഡ്‌ ഉപരോധിച്ചു.

മേപ്പാടി പഞ്ചായത്ത്‌ നടപടി ഗൗരവതരം

ചേലക്കര > മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക്‌ പഴകിയ ഭക്ഷ്യധാന്യങ്ങൾ നൽകിയ മേപ്പാടി പഞ്ചായത്ത്‌ അധികൃതരുടെ നടപടി അതീവ ഗൗരവതരമാണെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘വയനാട്ടിലെ ദുരിതബാധിതർക്ക് ഉപയോഗിച്ച്‌ ഉപേക്ഷിച്ച വസ്‌ത്രങ്ങൾ അയക്കേണ്ടതില്ലെന്ന്‌ നിലപാടെടുത്ത സർക്കാരാണിത്‌. ദുരിത ബാധിതരോടുള്ള കരുതലിന്റെ ഭാഗമാണിത്‌. ഇതിനൊപ്പമാണ്‌ പഞ്ചായത്തുകൾ നിൽക്കേണ്ടത്‌. അതുചെയ്യാതെ, പഴയ ഭക്ഷ്യധാന്യങ്ങൾ കൊടുത്തവരുടെ ഉദ്ദേശ്യമെന്താണ്‌. തങ്ങൾ എന്തെങ്കിലും ചെയ്തെന്ന്‌ കാണിക്കാനുള്ള ശ്രമമാണോ. സംഭവത്തെക്കുറിച്ച്‌  സർക്കാർ അന്വേഷിക്കുന്നതിനാൽ കൂടുതൽ പറയുന്നില്ല.

 ദുരന്തം നടന്ന്‌ മാസങ്ങൾ കടന്നുപോയിട്ടും കേന്ദ്ര സർക്കാർ സഹായം നൽകിയിട്ടില്ല.  ദുരന്തത്തിൽ ശേഷിക്കുന്നവർക്ക്‌ ജീവൻ നഷ്ടമായില്ലെന്നേയുള്ളൂ. അവരുടെ ജീവനോപാധികളെല്ലാം നശിച്ചു. ഇനിയൊരു ദുരന്തത്തിനും തകർക്കാൻ പറ്റാത്തനിലയിൽ നാടിനെ പുനർനിർമിക്കുമെന്ന്‌ പ്രഖ്യാപിച്ച സർക്കാരാണിത്‌ ’’
–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top