തിരുവനന്തപുരം
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്‌ക്കുമെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നുമാവശ്യപ്പെട്ട് കെഎസ്‌ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി തള്ളി. തിരുവനന്തപുരം ജെഎഫ്‌സിഎം (മൂന്ന്) മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്.
കുടുംബവുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോൾ കെഎസ്‌ആർടിസി ഡ്രൈവറായിരുന്ന യദു അശ്ലീല ആംഗ്യം കാണിച്ചതിനെ മേയറും എംഎൽഎയും ചോദ്യം ചെയ്‌തിരുന്നു. ഈ കേസിലാണ് യദു കോടതി ഇടപെടലും മേൽനോട്ടവുമാവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും തള്ളി. ഇതുവരെയുള്ള പൊലീസ് അന്വേഷണം തൃപ്‌തികരമാണെന്നും ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും കോടതി വിലയിരുത്തി. തെളിവുകൾ യഥാസമയം കോടതിയിൽ ഹാജരാക്കണം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥനുമേൽ അനാവശ്യ സമ്മർദമുണ്ടാക്കാനാണ് ഹർജിക്കാരന്റെ ശ്രമമെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നത്. എംഎൽഎയുടെയും മേയറുടെയും ബസ് യാത്രികരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഹൈഡ്രോളിക് സംവിധാനമുള്ള ഡോർ തുറന്നുനൽകിയത് ഡ്രൈവർ യദുവാണ്. ഈ സാഹചര്യത്തിൽ എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്ന വാദം നിലനിൽക്കില്ല. മേയറെ അശ്ലീല ആംഗ്യം കാണിച്ചതിനും അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചതിനും യദുവിനെതിരായ കേസ് നടക്കുകയാണ്. ബസിലെ മെമ്മറി കാർഡ് മോഷണം പോയ സംഭവത്തിലെ അന്വേഷണവും മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..