27 December Friday

'ചായയും കടിയും കഴിച്ചിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കാശ് തരാതെ പോയി, അണ്ണന്‍ തരുമെന്ന് മറുപടി'; പരാതിയുമായി ചായക്കടക്കാരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

തിരുവനന്തപുരം > സമരത്തിനു വന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ കടയില്‍ വന്ന് സാധനങ്ങള്‍ കഴിച്ചിട്ട് പണം തരാതെ പോയെന്ന് പരാതി. കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റ് പടിക്കല്‍ നടന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിലായിരുന്നു സംഭവം. തിരുവനന്തപുരം പ്രസ് ക്ലബ്ബിനടുത്തായി ചായക്കട നടത്തുന്ന ദിലീപ്ഖാന്റെ കടയിലെ പലഹാരങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈക്കലാക്കിയത്.

120 സുഖിയന്‍, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അകത്താക്കിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച ദിലീപിനോട് അത് 'അണ്ണന്‍ തരും' എന്നാണ് ഇവര്‍ പറഞ്ഞത്. എല്ലാവരും വെള്ളഷര്‍ട്ട് ധരിച്ചിരുന്നതുകൊണ്ട് 'ഏത് അണ്ണന്‍'  ആണ് കാശ് തരുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ദിലീപ് പറയുന്നു. പ്രവര്‍ത്തകരുടെ കടംപറച്ചില്‍ അസഹ്യമായതോടെ ദിലീപിന് കടയ്ക്ക് ഷട്ടറിടേണ്ടിവരെവന്നു.

ഇന്നും യുഡിഎഫ് പ്രവര്‍ത്തകരുടെ സമരം ഉണ്ടെന്നറിഞ്ഞതോടെ അതീവജാഗ്രതയോടയാണ് കട തുറന്നത്. കടം പറയാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വന്നാല്‍ എല്ലാകരുതലുകളും ദിലീപ് കൈക്കൊണ്ടിരുന്നു. ഒരുപാട് പേര്‍ ഒരുമിച്ച് വന്ന് ഓര്‍ഡര്‍ പറഞ്ഞാല്‍ ചായ അടിക്കരുതെന്നും വേണ്ടിവന്നാല്‍ കടപൂട്ടണമെന്നും ദിലീപ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടാണ് താന്‍ ചായക്കടയുമായി മുന്നോട്ടുപോകുന്നതെന്ന് ദിലീപ് 'ദേശാഭിമാനി'യോട് പറഞ്ഞു. ഈ കട കൊണ്ട് നാലഞ്ച് കുടുംബങ്ങള്‍ പട്ടിണിയില്ലാതെ കഴിയുന്നുണ്ട്. തനിക്ക് നഷ്ടപ്പെട്ട കാശ് തിരികെ തരാന്‍ ഏത് 'അണ്ണനായാലും' സന്മനസ് കാണിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ. യൂത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞ ആ 'അണ്ണനായി' കാത്തിരിക്കുകയാണ് ദിലീപ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top