ആലപ്പുഴ
ബന്ധുവായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജയിലിൽ. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഓച്ചിറ കൊറ്റമ്പള്ളി രാഹുൽ കണിശ്ശേരിലി(31)നെയാണ് ഹരിപ്പാട് പോക്‌സോ കോടതി റിമാൻഡ് ചെയ്‌തത്. പ്രമുഖ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു നിരന്തര പീഡനം. വിഷാദാവസ്ഥയിലായ കുട്ടി സ്‌കൂളിലെ കൗൺസലിങ്ങിനിടെയാണ് വിവരം കൗൺസലറോട് പറഞ്ഞത്. സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സെപ്‌തംബർ രണ്ടിന് വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ മൂന്നിന് റിമാൻഡുചെയ്തു. അറസ്റ്റ് വാർത്ത കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവച്ചു. ജയിലിലായിട്ടും രാഹുലിനെ ചുമതലയിൽനിന്ന് മാറ്റിയിട്ടില്ല.
വ്യാഴാഴ്ച യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നടക്കം ഇയാളെ നീക്കി നേതൃത്വം തലയൂരാൻ ശ്രമം നടത്തി. 2023ലാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി രാഹുൽ മത്സരിച്ചത്. മുമ്പും സമാനമായ ആരോപണമുയർന്നിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..