22 November Friday
3 പൊലീസ് ഉദ്യോ​ഗസ്ഥർക്കും 
 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കും പരിക്ക്

തലസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസ് അഴിഞ്ഞാട്ടം ; പൊലീസിനെ ആക്രമിച്ച് 
കലാപശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

സെക്രട്ടറിയറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിക്കുന്ന യൂത്ത് കോൺഗ്രസുകാർ


തിരുവനന്തപുരം
തലസ്ഥാനത്ത് പൊലീസിനെ ആക്രമിച്ച് കലാപമുണ്ടാക്കാൻ യൂത്ത് കോൺ​ഗ്രസിന്റെ ആസൂത്രിത നീക്കം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺ​ഗ്രസുകാർ വനിതാ പൊലീസുകാരെ ഉൾപ്പെടെ ആക്രമിച്ചു. അക്രമത്തിൽ കന്റോൺമെന്റ് എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐ ജിജു കുമാർ, വനിത പൊലീസ് ഉദ്യോ​ഗസ്ഥ എന്നിവർക്ക്‌ പരിക്കേറ്റു. യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും പ്രവർത്തകൻ സുമേഷിനും പരിക്കേറ്റു. വ്യാഴം പകൽ ഒന്നരയോടെയാണ് അക്രമങ്ങളുടെ തുടക്കം.

വടിയും കല്ലുകളുമായി എത്തിയ 250ഓളം പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയും ഷീൽഡുകൾ കല്ലും വടിയും ഉപയോ​ഗിച്ച് തകർക്കുകയും ചെയ്തു. ബാരിക്കേഡ്‌ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.ഇതോടെ ജലപീരങ്കി  വാഹനം തകർക്കാനും ശ്രമിച്ചു. ഇതിനിടെ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിന്റെയും അബിൻ വർക്കിയുടെയും നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടേറിയറ്റ്‌ മതിൽ ചാടിക്കടക്കാനും ശ്രമംനടത്തി. പൊലീസുമായുമുള്ള ഉന്തും തള്ളലിനുമിടെ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു.  ഉടൻ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അരമണിക്കൂർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.

ഇതോടെ രാഹുൽ മാങ്കൂട്ടത്തെയും ഏതാനും പ്രവർത്തകരെയും  അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ  കെപിസിസി പ്രസിഡന്റ് കെ സുധാകരനും  സ്ഥലത്തെത്തി. യുഡിഎഫ് കൺവീനർ എംഎം ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പോയ ഉടനാണ്‌ യൂത്ത് കോൺ​ഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top