കോഴിക്കോട് > കാലത്തിനു വഴികാട്ടുന്ന ആശയങ്ങൾ നേരിട്ടറിയാനുള്ള വേദിയായി ‘ഇഗ്‌നൈറ്റ്’ ഗ്രാൻഡ് ഫിനാലെ. ജലാശയങ്ങളിൽ ഒഴുകിനടന്ന് മാലിന്യം നീക്കുന്ന അക്വാ ക്ലീനിങ് മെഷീനുമായാണ് മൂവാറ്റുപുഴ വിശ്വജ്യോതി കോളേജ് ഓഫ് എൻജിനിയറിങ് വിദ്യാർഥികളെത്തിയത്. രണ്ട് ലക്ഷം രൂപയിലേറെയുള്ള ചികിത്സാച്ചെലവ് മൂന്നിലൊന്നായി കുറയ്‌ക്കുന്ന ഡെന്റൽ മേഖലയിൽ പുതിയ കാൽവയ്‌പാവുകയാണ് തിരുവനന്തപുരം പിഎംഎസ് ഡെന്റൽ കോളേജിലെ വിദ്യാർഥികൾ. പാലക്കാട് എൻഎസ്എസ് എൻജിനിയറിങ് കോളേജിലെ പൂർവ വിദ്യാർഥികളുടെ സംഘടന ‘ദർശന’ സംഘടിപ്പിച്ച ഇന്നൊവേഷൻ കോണ്ടസ്‌റ്റിന്റെ നാലാം പതിപ്പ് കോഴിക്കോട് കാരപ്പറമ്പ് എച്ച്‌എസ്‌എസിൽ പൂർത്തിയായി.
യൂണിവേഴ്സിറ്റി–-കോളേജ് വിദ്യാർഥികൾക്കിടയിൽ ഇന്നൊവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല, കെ- ഡിസ്ക് സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു മത്സരം. 80 സ്ഥാപനങ്ങളിലെ 425 ടീമുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 പ്രോജക്ടുകളാണ് ഫൈനലിൽ എത്തിയത്.
മികച്ച അഞ്ച് പ്രോജക്ടുകൾ അവതരിപ്പിച്ചവർ വിജയികളായി. 25,000 രൂപയും ക്യാഷ് അവാർഡും പ്രശസ്തിപത്രവുമാണ് സമ്മാനം. കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റിലും കെ -ഡിസ്ക് സംഘടിപ്പിക്കുന്ന യങ് ഇന്നൊവേഷൻ പ്രോഗ്രാമിലും നേരിട്ട് പ്രവേശനവും ലഭിച്ചു. ‘കോഴിക്കോടിന്റെ സുസ്ഥിരഭാവി’ വിഷയത്തിൽ വിദ്യാർഥികൾക്കായി ആശയ മത്സരവുമുണ്ടായി. കാരപ്പറമ്പ് സ്‌കൂൾ വിദ്യാർഥികൾക്ക് പെയിന്റിങ് മത്സരവുമുണ്ടായി.
സമാപന പരിപാടി മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്‌തു. മികച്ച പ്രോജക്‌ടുകൾക്കുള്ള സമ്മാനവും മന്ത്രി വിതരണംചെയ്‌തു. ദർശന പ്രസിഡന്റ് കെ സി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സിഡബ്ല്യുആർഡിഎം ഡയറക്ടർ ഡോ. മനോജ് സാമുവൽ, കെ സി രവീന്ദ്രൻ, കെ പി മനോജ് എന്നിവർ സംസാരിച്ചു. എം ജി സുരേഷ് കുമാർ സ്വാഗതവും ഡോ. അനിരുദ്ധൻ നന്ദിയും പറഞ്ഞു. ഫിനാലെ കെ -ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണനാണ് ഉദ്‌ഘാടനംചെയ്‌തത്. അനൂപ് അംബിക, രമേശൻ പാലേരി, വി കെ സി മമ്മദ് കോയ, ദീപാഞ്ജലി, ഡോ. പ്രദീപ് എന്നിവർ സംസാരിച്ചു. ദർശനയുടെ വാർഷിക ജനറൽ ബോഡി ഞായർ രാവിലെ 10ന് കാരപ്പറമ്പ് എച്ച്‌എസ്‌എസിൽ നടക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..