തിരുവനന്തപുരം
ലോകത്തിന്റെ പല കോണിലും എഴുത്തെന്നാൽ ജീവൻ പണയംവച്ചുള്ള കളിയാണെന്ന് മന്ത്രി പി രാജീവ്. പുരസ്കാരങ്ങൾ അംഗീകാരങ്ങളാണെങ്കിലും അവ വെല്ലുവിളികൾകൂടിയാണ്. കൂടുതൽ എഴുതാൻ അംഗീകാരങ്ങൾ നമ്മെ നിർബന്ധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ 2023ലെ സാഹിത്യ പുരസ്കാര വിതരണച്ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എഴുത്തിന് വലിയ മാറ്റങ്ങളില്ല. എന്നാൽ, പുതിയ സാധ്യതകളാണുള്ളത്. സമൂഹമാധ്യമങ്ങൾ ഇത്തരം മാറ്റങ്ങൾക്ക് സഹായകരമാണ്. അതിലൂടെ പ്രശസ്തമായ യുവ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളുണ്ട്. രാജ്യത്ത് ഇത്രയധികം സാഹിത്യോത്സവങ്ങൾ നടക്കുന്ന മറ്റൊരു സംസ്ഥാനമില്ല. യുവധാര സാഹിത്യോത്സവം പ്രത്യേകതയുള്ളതായത് അതിലെ യുവ എഴുത്തുകാരുടെ സാന്നിധ്യംകൊണ്ടാണ്. അവർ ചോദ്യങ്ങൾ ചോദ്യക്കാൻ മുൻപന്തിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി.
കഥാ വിഭാഗത്തിൽ സി ആർ പുണ്യ (ഫോട്ടോ), കവിതാ വിഭാഗത്തിൽ റോബിൻ എഴുത്തുപുര (എളാമ്മയുടെ പെണ്ണ്) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വിമീഷ് മണിയൂർ, ഹരികൃഷ്ണൻ തച്ചാടൻ, പി എം മൃദുൽ–- കഥ, സിനാഷ, ആർ ബി അബ്ദുല്ല റസാക്ക്, കെ വി അർജുൻ– -കവിത എന്നിവർക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങളും വിതരണം ചെയ്തു. 5000 രൂപയും ഫലകവുമാണ് ഈ വിഭാഗത്തിലെ സമ്മാനം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ 2025 ജനുവരി ഒമ്പതുമുതൽ 12 വരെ നടക്കും.
എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ മുഖ്യാതിഥിയായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, യുവധാര മാനേജർ എം ഷാജർ, ജില്ലാ സെക്രട്ടറി ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..