ചെന്നൈ > സഹോദരന്റെ പേരുപയോഗിച്ച് ആൾമാറാട്ടം നടത്തിവന്ന പ്രതി പിടിയിൽ. കാഞ്ചീപുരം സ്വദേശിയായ 51 കാരൻ പളനിയെയാണ് അറസ്റ്റ് ചെയ്തത്. 15 വർഷത്തിലേറെയായി സഹോദരൻ പനീർശെൽവത്തിൻ്റെ പേരിൽ ഇയാൾ ആൾമാറാട്ടം നടത്തുകയായിരുന്നു. പളനിയാണെന്ന് തെറ്റിദ്ധരിച്ച് പനീർശെൽവത്തിന്റെ പേരിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്.
പളനിയുടെ സ്‌കൂൾ, കോളേജ് രേഖകൾ വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടിരുന്നു. ജോലി ലഭിക്കാൻ സഹോദരൻ്റെ പേരും രേഖകളും ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. 2009ൽ പളനി ഒരു അഭിഭാഷകന്റെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. അക്കാലത്ത് ലൂർദ് മേരി എന്ന സ്ത്രീയെ ഇയാൾ വിവാഹം ചെയ്തു. സ്ത്രീയോട് തന്റെ പേര് പനീർസെൽവം ആണെന്നാണ് പളനി പറഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് മേരി പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പളനി അറസ്റ്റിലാവുകയും ചെയ്തു. 2018ലെ വിചാരണയിൽ പളനിയെ അഞ്ച് വർഷം തടവിന് കോടതി ശിക്ഷിച്ചു. 2019-ൽ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ശിക്ഷ മൂന്ന് വർഷമായി കുറച്ചു. ജാമ്യത്തിലിറങ്ങിയ പളനി ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെ ജൂണിൽ ഇയാൾ ഒളിവിൽ പോയി.
പളനി ഒളിവിൽ പോയതോടെ പനീർശെൽവത്തിൻ്റെ പേരിൽ ജാമ്യമില്ലാ വാറണ്ടുമായി പൊലീസ് കാഞ്ചീപുരത്തെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. സഹോദരൻ ആൾമാറാട്ടം നടത്തുന്നതായി അറിവില്ലായിരുന്നെന്നും താൻ നിരപരാധിയാണെന്നും പനീർശെൽവം പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പളനിയെ മടിപ്പാക്കത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..