23 November Saturday

തമിഴ്‌നാട്ടിൽ ദീപാവലി ദിനത്തിൽ റിപ്പോർട്ട് ചെയ്തത് 150 അപകടങ്ങൾ; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ചെന്നൈ > തമിഴ്‌‌‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ 150 തീപിടിത്ത അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. പടക്കങ്ങൾ പൊട്ടിച്ചതുമൂലമുണ്ടായ അപകടങ്ങളിൽ 544 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ 48 കേസുകൾ ചെന്നൈയിൽ മാത്രമാണ്. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിൽ ദീപാവലി ആഘോഷങ്ങൾക്കിടയിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണമടങ്ങുന്ന വിവരങ്ങൾ തമിഴ്നാട് പോലീസ് പങ്കുവെച്ചു.

രാമനാഥപുരം ജില്ലയിലെ രാമേശ്വരം സ്വദേശിയായ 12 വയസ്സുകാരൻ പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് മരിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മുൻ വർഷത്തേക്കാൾ  അപകടനിരക്ക് കുറഞ്ഞു. 254 തീപിടിത്ത അപകടങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്.  തമിഴ്‌നാട്ടിൽ 368 സ്ഥലങ്ങളിലായി 8,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് നിയോ​ഗിച്ചത്. ചെന്നൈയിൽ മാത്രം 800-ലധികം ഉദ്യോഗസ്ഥരെ  അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിന്യസിച്ചിരുന്നു.

സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി 2,400-ലധികം സ്ഥലങ്ങളിൽ സുരക്ഷിതമായ പടക്കങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ ബോധവൽക്കരണ കാമ്പയിനുകളാണ് തീപ്പിടുത്ത അപകടങ്ങൾ കുറയാൻ കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.  രാവിലെ 6 നും 7 നും ഇടയിലും വൈകുന്നേരം 7 നും 8 നും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന്  തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) ദീപാവലിക്ക് മുന്നോടിയായി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top