24 November Sunday

യുപിയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ്; അന്വേഷണം ആരംഭിച്ച്‌ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

പിലിബിത്ത് > യുപിയിൽ  റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി.  ജഹാനാബാദ് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പിലിഭിത്-ബറേലിയിൽ നിന്നാണ്‌  പൊലീസും റെയിൽവെ ജീവനക്കാരും ചേർന്നാണ്‌ ദണ്ഡ്‌  കണ്ടെടുത്തത്‌. സംഭവത്തിൽ അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. നവംബർ 22 ന് രാത്രി 9.20 ന് ലാലൂരി ഖേഡയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ  25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തിയതായി സർക്കിൾ ഓഫീസർ ദീപക് ചതുർവേദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പൊലീസ്,  റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ വിഷയം അന്വേഷിക്കാൻ സ്ഥലം സന്ദർശിച്ചു. ജഹാനാബാദിനും ഷാഹി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്‌. തീവണ്ടിയെയും യാത്രക്കാരെയും ദ്രോഹിക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണിതെന്ന്‌ റെയിൽവേയിലെ സീനിയർ സെക്ഷൻ എഞ്ചിനീയർ നേത്ര പാൽ സിങ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എന്തെങ്കിലും സൂചനകൾ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർഥിച്ചു.

സമീപകാലത്ത് ഉത്തർപ്രദേശിൽ നിന്ന് സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ ആറിന്, റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവേ സ്‌റ്റേഷനു സമീപം പാളത്തിൽ മണ്ണ് തള്ളുന്നത് ലോക്കോ പൈലറ്റ് കണ്ടതിനെ തുടർന്ന് ഒരു പാസഞ്ചർ ട്രെയിൻ അൽപ്പനേരം നിർത്തിയിട്ടു. ഒക്‌ടോബർ രണ്ടിന് കാൺപൂർ ദേഹത് ജില്ലയിലെ അംബിയപൂർ റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽവേയുടെ അഗ്നിശമന ഉപകരണം ട്രാക്കിൽനിന്ന്‌ കണ്ടെത്തിയിരുന്നു. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇത്‌ കണ്ടത്‌. കാൺപൂരിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപം സെപ്തംബർ 22 ന്  പാളത്തിൽ ഒരു ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top