22 December Sunday

അമേഠിയിലെ കൊലപാതകം; "അഞ്ച്‌ പേർ മരിക്കാൻ പോകുന്നു', ആഴ്‌ചകൾക്കു മുമ്പ്‌ സ്റ്റാറ്റസ്‌ ഇട്ട്‌ കൊലപാതകി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

അമേഠി> അമേഠിയിൽ അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളമായി പ്രതി ചന്ദൻ വർമ ആസൂത്രണം ചെയ്തിരുന്നതായും നിഗൂഢമായ രീതിയിലാണെങ്കിലും അയാൾ തന്റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.  കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ നീക്കം. സുനിൽ കുമാർ, ഭാര്യ പൂനം ഭാരതി, അവരുടെ ഒന്നും ആറും വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരെ വ്യാഴാഴ്ചയാണ് അമേഠിയിലെ ഭവാനി നഗറിലെ വീട്ടിൽ വെടിവെച്ച് കൊലപ്പെടുത്തിയത്.

ചന്ദൻ വർമ്മയുടെ പേരിൽ രണ്ട് മാസം മുമ്പ് പൂനം ഭാരതി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ചന്ദൻ വർമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ചന്ദൻ ആയിരിക്കുമെന്നും ഭാരതി പറഞ്ഞിരുന്നു.

ആഗസ്ത്‌ 18 ന് റായ്ബറേലിയിലെ ഒരു ആശുപത്രിയിൽ പൂനം ഭാരതി പോയിരുന്നപ്പോൾ ചന്ദൻ ഇവരോട്‌ മോശമായി പെരുമാറിയെന്നും അത്‌ എതിർത്തപ്പോൾ തന്നേയും ഭർത്താവിനേയും തല്ലിയെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ചന്ദൻ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച, ചന്ദൻ വർമയെ കസ്റ്റഡിയിലെടുത്തതായും സെപ്‌തംബർ 12 മുതലുള്ള ഇയാളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ട് കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിൽ "അഞ്ച്‌ പേർ മരിക്കാൻ പോകുന്നു'യെന്നതായി ഇയാൾ സ്റ്റാറ്റസ്‌ വെച്ചിരുന്നു.

കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് അമേഠിയിലെ പ്രശസ്തമായ ക്ഷേത്രത്തിലും ഇയാൾ സന്ദർശനം നടത്തിയിരുന്നു. അന്വേഷണം യുപി പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് (എസ്ടിഎഫ്) കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top