ന്യൂഡൽഹി
രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ ലഭ്യമാകാനായി 5 ജി സ്‌പെക്ട്രം ലേലത്തിന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 72097.85 മെഗാഹെർട്‌സ് സ്‌പെക്ട്രം ജൂലൈ അവസാനത്തോടെ ലേലത്തിന് വയ്‌ക്കും. 4ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതാണ് 5ജി. 20 വർഷത്തേക്കാണ് സ്പെക്‌ട്രം നൽകുന്നത്. ജൂലൈ 26ന് ലേലത്തിന് തുടക്കമാകും. വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കും. സ്‌പെക്ട്രത്തിന്റെ അടിസ്ഥാനവില 90 ശതമാനമെങ്കിലും കുറയ്‌ക്കണമെന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.
എന്നാൽ, കമ്പനികൾക്ക് ആശ്വാസകരമായ നടപടികളുണ്ട്. സ്പെക്‌ട്രത്തിന് മുൻകൂർ പണം അടയ്‌ക്കേണ്ട. 20 തവണയായി അടയ്‌ക്കാം. 10 വർഷം കഴിയുമ്പോൾ ആവശ്യമെങ്കിൽ സ്‌പെക്ട്രം മടക്കി നൽകാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തിൽ ബാധ്യതയുണ്ടാകില്ല.
തുടക്കത്തിൽ കേരളമില്ല
ഇന്ത്യയിൽ തുടക്കത്തിൽ 13 നഗരത്തിലാകും 5ജി സേവനം ലഭ്യമാവുക. ഇവിടെയും കേരളത്തെ മോദി സർക്കാർ തഴഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭ്യമാകും. ബംഗളൂരു, ചണ്ഡീഗഢ്, ഡൽഹി, ഹൈദരാബാദ്, പുണെ, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. ലേലപ്രക്രിയയും മറ്റും പ്രതീക്ഷിച്ച നിലയിൽ പുരോഗമിച്ചാൽ സെപ്‌തംബറോടെ 5ജി സേവനം ലഭിച്ചുതുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..