22 December Sunday

ദളിത്‌ കുടിലുകളിൽ തീയിട്ട സംഭവം; പത്തു വർഷങ്ങൾക്ക് ശേഷം വന്ന വിധിയിൽ 98 പേർക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ബം​ഗളൂരു
പത്തുവര്‍ഷം മുമ്പ് കര്‍ണാടക കൊപ്പാൽ ജില്ലയിൽ ​ഗം​ഗാവതി മാറകുമ്പി ​ഗ്രാമത്തിൽ ദളിതരെ ക്രൂരമായി ആക്രമിച്ച്‌ കുടിലുകള്‍ക്ക് തീയിട്ട സംഭവത്തിൽ 101 പേരെ ശിക്ഷിച്ച് കോടതി. "സവര്‍ണ' വിഭാ​ഗത്തില്‍പെട്ട 98 പേര്‍ക്ക് പട്ടികജാതി, പട്ടികവര്‍​ഗ വിഭാ​ഗക്കാര്‍ക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കൊപ്പാൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം വിധിച്ചു.  പട്ടികജാതി വിഭാ​ഗക്കാരായ മൂന്നുപേരെ അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചു.  ജാതി വിവേചനത്തിനെതിരെ സിപിഐ എമ്മിന്റെയും ദളിത് ശോഷൺ മുക്തിമഞ്ചിന്റെയും നേതൃത്വത്തിൽ നടത്തിയ പോരാട്ടമാണ്  ഒരു ദശാബ്ദത്തിനുശേഷം നീതിയുടെ വഴിതുറന്നത്.

2014 ആ​ഗസ്‌തിലായിരുന്നു സംഭവം. ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പിലും ഹോട്ടലുകളിലും ദളിതര്‍ പ്രവേശിക്കുന്നത് "സവര്‍ണവിഭാ​ഗ'ങ്ങള്‍ വിലക്കി.
പിന്നാലെ കൊപ്പാലിലെ സിനിമാ തിയേറ്ററിലെ  ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചു. സംഘടിച്ചെത്തിയ "സവര്‍ണര്‍' ദളിതരെ വീടുകയറി ആക്രമിച്ചു.

സ്‌ത്രീകളെയും കുട്ടികളെയും പ്രായമായവരെയും വടിയും ഇഷ്ടികയും കൊണ്ട് ആക്രമിച്ചു. കുടിലുകള്‍ക്ക് തീയിട്ടു. അക്രമികളെ നിയമത്തിനുമുന്നിലെത്തിക്കാൻ ശ്രമിച്ച സിപിഐ എം പ്രവര്‍ത്തകൻ വീരേഷ് (45)  കൊല്ലപ്പെടുകയുണ്ടായി. സിപിഐ എം പിബി അം​ഗം എംഎ ബേബി, ദളിത് ശോഷൺ മുക്തിമ‍ഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ രാധാകൃഷ്‌ണൻ തുടങ്ങിയവര്‍ നീതിയുറപ്പാക്കാനുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായി. ദീര്‍ഘനാളത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് പറഞ്ഞു.

പ്രതികള്‍ ദയ
അര്‍ഹിക്കുന്നില്ല
ദളിത് ഉന്നമനത്തിനായി നിരവധി ഇടപെടലുകളുണ്ടായിട്ടും അവരുടെ സ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണെന്ന് വിധിന്യായത്തിൽ ജഡ്‌ജ്‌ സി ചന്ദ്രശേഖര്‍ നിരീക്ഷിച്ചു. ഇരകളെല്ലാം പട്ടികജാതിക്കാരാണ്. പ്രതികള്‍ സ്ത്രീകളുടെ അന്തസ്സ് ഹനിച്ചു. വടികൊണ്ടും കല്ലുകൊണ്ടും ഇഷ്ടിക  കൊണ്ടും ആക്രമിച്ചു.  ഇത്തരമൊരു കേസിൽ ​​ദയ കാണിക്കുന്നത് നീതിയോടുള്ള പരിഹാസമായിരിക്കുമെന്നും വിധിന്യായത്തില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top